പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്.

ഭാഷാഭേദമന്യെ പ്രേക്ഷകരുടെ പ്രീതി നേടിയ നടനാണ് പ്രകാശ് രാജ്. തെന്നിന്ത്യന്‍ സിനിമകളിലും ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനേതാവ് ആയതുകൊണ്ട് മധ്യവയസിലുള്ള ക്യാരക്റ്റര്‍ വേഷങ്ങളിലേക്ക് സംവിധായകരുടെ ആദ്യ പരിഗണനകളില്‍ സ്ഥിരമായി കടന്നുവരാറുള്ള ആളുമാണ് അദ്ദേഹം. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഒരു പ്രചരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രകാശ് രാജ്. പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന സ്പിരിറ്റിന്‍റെ താരനിരയില്‍ പ്രകാശ് രാജും ഉണ്ട്. എന്നാല്‍ സംവിധായകനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രകാശ് രാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. പിന്നാലെ ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാര്‍ത്തയുമായി. ഇതിലാണ് പ്രകാശ് രാജിന്‍റെ പ്രതികരണം എത്തിയിരിക്കുന്നത്.

പൊലീസ് ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രഭാസിന്‍റെ അച്ഛന്‍ വേഷത്തിലാവും പ്രകാശ് രാജ് എത്തുക എന്നാണ് വിവരം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മിനിമല്‍ പ്രകടനമാണ് ഈ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍റെ മനസില്‍ ഉള്ളതെങ്കിലും കഥാപാത്രത്തെ ഊര്‍ജ്ജസ്വലതയോടെ സ്ക്രീനില്‍ എത്തിക്കാനായിരുന്നു പ്രകാശ് രാജ് ആഗ്രഹിച്ചതെന്നും ഇത് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയെന്നുമായിരുന്നു പ്രമുഖ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്. പ്രകാശ് രാജിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്നും ആ വേഷത്തിലേക്ക് ഒരു ബോളിവുഡ് താരത്തെയാണ് സംവിധായകന്‍ നിലവില്‍ നോക്കുന്നതെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തള്ളിക്കൊള്ളാണ്ട് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്.

പ്രകാശ് രാജിന്‍റെ പ്രതികരണം

“എല്ലാ ടോക്സിക് ഫേക്ക് ന്യൂസ് കച്ചവടക്കാരോടും, സ്പിരിറ്റ് സിനിമയിലെ എന്‍റെ രംഗങ്ങള്‍ ഇതുവരെ എടുക്കാന്‍ തുടങ്ങിയിട്ടുപോലുമില്ല. അതിന് മുന്‍പ് നിങ്ങളുടെ വാട്സ്ആപ്പ് ഫാക്റ്ററികള്‍ കഥകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറച്ച് വളരൂ, ഒരു ജീവിതം ഉണ്ടാവട്ടെ”, പ്രകാശ് രാജ് എക്സില്‍ കുറിച്ചു. അനിമലിന്‍റെ വന്‍ വിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇതിനകം നേടിയിട്ടുള്ള ചിത്രമാണ് സ്പിരിറ്റ്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് ആദ്യം നിശ്ചയിച്ചിരുന്ന നായിക ദീപിക പദുകോണ്‍ പിന്മാറിയിരുന്നു. ദീപിക ഒഴിഞ്ഞ റോളിലേക്ക് ബോളിവുഡിലെ ശ്രദ്ധേയ യുവതാരം തൃപ്തി ദിംറിയാണ് എത്തുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming