
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പിനേഷനില്‍ ഒരു ചിത്രം എപ്പോള്‍ എത്തിയാലും പ്രേക്ഷകരില്‍ അമിത പ്രതീക്ഷ സ്വാഭാവികമാണ്. ദൃശ്യം എന്ന ഓള്‍ ടൈം ഹിറ്റ് ഉണ്ടാക്കിയതാണ് ആ പ്രതീക്ഷ ഈ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം നേര് വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരോട് ജീത്തു ജോസഫിന് ചിലത് പറയാനുണ്ട്. എന്തൊക്കെ പ്രതീക്ഷിക്കാം, എന്തൊക്കെ പ്രതീക്ഷിക്കരുത് എന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്.
"ഇതൊരു നല്ല ചിത്രമായിരിക്കും. ആ ഒരു ആത്മവിശ്വാസം നേരില്‍ വര്‍ക്ക് ചെയ്ത ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്. ഞാനും ലാലേട്ടനും ഇതുവരെ ഒന്നിച്ച സിനിമകളിലെല്ലാം ത്രില്‍ അല്ലെങ്കില്‍ സസ്പെന്‍സ് ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയും അത്തരത്തില്‍ ത്രില്ലും സസ്പെന്‍സും ട്വിസ്റ്റുമൊക്കെയുള്ള ഒന്നായിരിക്കുമെന്ന് നിങ്ങളില്‍ പലരും കരുതിയിട്ടുണ്ടാവാം. ചാനല്‍ പ്രൊമോഷനുകളിലൂടെ കുറേപ്പേര്‍ക്ക് ആ ധാരണ മാറിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ പലരും പറയുന്നത് ദൃശ്യം 2 ന്‍റ സമയത്ത് ഞാന്‍ പറഞ്ഞതുപോലെ ഇതും ഒരു നുണയാണ് എന്നാണ്. സത്യത്തില്‍ അല്ല. ഈ സിനിമ ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ്. ഇതില്‍ ഒരു ക്രൈം ഉണ്ട്. ഇതിന് മുന്‍പുള്ള സിനിമകളിലൊക്കെ ക്രൈം നടന്നാല്‍ പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്‍റെ അന്വേഷണം, അതിനെത്തുടര്‍ന്നുണ്ടാവുന്ന സസ്പെന്‍സ്, അതിലുണ്ടാവുന്ന ട്വിസ്റ്റ് അങ്ങനെയൊക്കെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. ഇതില്‍ അങ്ങനെയല്ല. ഒരു ക്രൈം നടക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പ്രതിയെ കോടതിയില്‍ എത്തിച്ചതിന് ശേഷം എന്തെല്ലാം സംഭവിക്കുന്നു എന്നതാണ് ചിത്രം പരിശോധിക്കുന്നത്. സാധാരണ സിനിമകളില്‍ കാണുന്ന കോടതികളില്‍ നിന്ന് വ്യത്യസ്തമായ കുറേക്കൂടി ആധികാരികതയോടെയാണ് നിങ്ങളുടെ മുന്നില്‍ ഈ ചിത്രത്തില്‍ കോടതി അവതരിപ്പിക്കുന്നത്. കോടതി കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്ക് കോടതിക്കുള്ളിലെ കൗതുകകരമായ പല കാഴ്ചകളുമുണ്ട് ഈ ചിത്രത്തില്‍. ഇതിന്‍റെ രചയിതാവ് ശാന്തി മായാദേവി ഒരു അഭിഭാഷകയാണ്. ശാന്തിയോട് ഇത് എഴുതാന്‍ പറഞ്ഞതും കോടതി കുറച്ചുകൂടി യഥാതഥമായി അവതരിപ്പിക്കാന്‍ വേണ്ടിയാണ്", ജീത്തു ജോസഫ് പറയുന്നു.
"ഇത് അടിസ്ഥാനപരമായി ഒരു നിയമയുദ്ധമാണ്. ഒരു പ്രതിയെ കോടതിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ എങ്ങനെയാണ് പ്രതിഭാഗം വക്കീല്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുക, പ്രോസിക്യൂഷന്‍ ഏതൊക്കെ തരത്തിലാണ് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുക, അവര്‍ തമ്മിലുള്ള യുദ്ധമാണ് ഇത്. നിയമം കൊണ്ടുള്ള മത്സരത്തിലൂടെ തങ്ങളുടെ ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുന്ന രണ്ട് അഭിഭാഷകര്‍. അഭിഭാഷകരുടേത് കൂടാതെ പ്രതി, ഇര അവരുടെ കുടുംബങ്ങള്‍ അവരുടെ ഒരു വൈകാരിക തലവും ചിത്രത്തിന് ഉണ്ട്. ഒരു എന്‍ഗേജിംഗ് സിനിമയാണ് നേര്. കോര്‍ട്ട് റൂം ഡ്രാമ എന്ന് പറയുമ്പോള്‍ പലര്‍ക്കുമുള്ള ഒരു പേടി വിരസമായിരിക്കുമോ എന്നതാണ്. തീര്‍ച്ഛയായും എന്‍റെ എല്ലാ സിനിമകളിലും ഞാന്‍ കുറച്ച് ലാഗ് ഒക്കെ ഇട്ടാണ് വര്‍ക്ക് ചെയ്യുന്നത്. അതുപോലത്തെ ലാഗുകള്‍ ഒരുപക്ഷേ ഈ സിനിമയിലും ഉണ്ടാവും. പക്ഷേ വിരസത സമ്മാനിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഈ സിനിമ കാണിച്ചവരില്‍ നിന്നെല്ലാം നല്ല പ്രതികരണങ്ങളാണ് കിട്ടിയത്. അതുകൊണ്ടുതന്നെ ഈ സിനിമ നിങ്ങള്‍ കാണുക, വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക. നല്ലതാണെന്ന് തോന്നിയാല്‍ സിനിമ വിജയിപ്പിച്ച് തരിക. എല്ലാവരും ഈ പടം തിയറ്ററില്‍ തന്നെ വന്ന് കാണണം. ഒടിടി റിലീസിനുവേണ്ടി കാത്തിരിക്കരുത്. കാരണം ഇതിനകത്ത് ഒരു തിയട്രിക്കല്‍ എക്സ്പീരിയന്‍സ് തീര്‍ച്ഛയായും ഉണ്ട്", ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജീത്തുവിന്‍റെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ