
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി (Jeo Baby) സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് (Sreedhanya Catering Service) എന്ന് പേരിട്ടു. ജിയോ ബേബിയുടേത് തന്നെയാണ് രചന. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം ബേസില്‍ സി ജെ, മാത്യൂസ് പുളിക്കന്‍, കലാസംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദരൂപകല്‍പ്പന ടോണി ബാബു, എംപിഎസ്ഇ, വരികള്‍ സുഹൈല്‍ കോയ, അലീന, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അളക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍റ്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ജിയോ ബേബി അറിയിച്ചു. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമകള്‍ വലിയ പേര് നേടിയതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഒടിടി രംഗത്തെ തുടക്കക്കാരായ നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. നമ്മുടെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മൂര്‍ച്ഛയുള്ള ഭാഷയില്‍ സംസാരിച്ച സിനിമ ഭാഷാതീതമായി ദേശാന്തരങ്ങളിലെ സിനിമാപ്രേമികള്‍ കണ്ടു. ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ വരെ ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച തിരക്കഥയ്ക്കും (ജിയോ ബേബി) മികച്ച സൌണ്ട് ഡിസൈനിംഗിനുമുള്ള (ടോണി ബാബു) അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
ALSO READ : മണിച്ചിത്രത്താഴ് പിറന്ന വഴികൾ
പിന്നീടെത്തിയ ഫ്രീഡം ഫൈറ്റ് അഞ്ച് ചെറു ചിത്രങ്ങളുടെ ആന്തോളജി ആയിരുന്നു. അതില്‍ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയ്‍തിരുന്നു. ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്‍ത റേഷന്‍ എന്ന ചിത്രത്തില്‍ ജിയോ അഭിനയിക്കുകയും ചെയ്‍തിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ഫ്രീഡം ഫൈറ്റിന് ജിയോ ബേബി നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ