മികച്ച സംവിധായകനുള്ള പദ്മരാജൻ പുരസ്കാരം ജിയോ ബേബിക്ക്

By Web TeamFirst Published May 22, 2021, 2:31 PM IST
Highlights

ഹാസ്യം എന്ന ചിത്രയുടെ തിരക്കഥയ്ക്ക് ജയരാജ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി

തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്മരാജന്റെ പേരിലുള്ള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020 ലെ ചലച്ചിത്ര - സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധാനത്തിന് ജിയോ ബേബി നേടി. 25000 രൂപയാണ് സമ്മാനത്തുക.

ഹാസ്യം എന്ന ചിത്രയുടെ തിരക്കഥയ്ക്ക് ജയരാജ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി. 15000 രൂപയുടേതാണ് പുരസ്കാരം. സംവിധായകൻ ബ്ലെസി ചെയർമാനും ബീനാ രഞ്ജിനി, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

മനോജ് കുറൂരാണ് മികച്ച നോവലിസ്റ്റ്. മുറിനാവ് എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 20000 രൂപയാണ് പുരസ്കാരം. കെ രേഖയുടെ അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. 15000 രൂപയാണ് സമ്മാനം. കെസി നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

പി പദ്മരാജന്റെ ജന്മദിനമായ മെയ് 23 ന് വിതരണം ചെയ്യേണ്ടതായിരുന്നു പുരസ്കാരങ്ങൾ. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുരസ്കാരങ്ങൾ പിന്നീട് സമ്മാനിക്കാനാണ് തീരുമാനം.

click me!