ദിലീഷ് പോത്തന്‍ ഉള്‍പ്പെടെ 71 പേര്‍; 'ജിബൂട്ടി' സിനിമാസംഘം ഇന്ന് കേരളത്തിലെത്തും

By Web TeamFirst Published Jun 5, 2020, 5:39 PM IST
Highlights

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാസംഘം ഇന്ന് തിരികെയെത്തും. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഉള്‍പ്പെടുന്ന 71 പേരുടെ സിനിമാസംഘമാണ് ഇന്ന് വൈകിട്ട് തിരിച്ചെത്തുന്നത്.  ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്.

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും നിര്‍മ്മാതാക്കളുടെ പിന്തുണ കൊണ്ട് മുന്‍നിശ്ചയ പ്രകാരം ഏപ്രില്‍ 18നു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായെന്ന് സംവിധായകന്‍ സിനു എസ് ജെ ഫേസ്ബുക്കിലൂടെ അറിയിച്ചു. പിന്നീടും ഒന്നര മാസത്തിനു ശേഷമാണ് സംഘം കേരളത്തിലേക്ക് എത്തുന്നത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകിട്ട് ആറ് മണിയോടെ സിനിമാസംഘം കൊച്ചിയില്‍ വിമാനമിറങ്ങുമെന്നാണ് അറിയുന്നത്. അമിത് ചക്കാലയ്ക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം ഷിംല സ്വദേശിയായ നായിക ശകുന്‍ ജസ്വാളും സംഘത്തിനൊപ്പം ഉണ്ട്. സംഘത്തിലെ ചിലര്‍ മുംബൈയില്‍ വിമാനമിറങ്ങും. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള ക്വാറന്‍റൈനില്‍ കഴിയാന്‍ തയ്യാറായാണ് ചിത്രീകരണസംഘം എത്തുന്നത്. 


 

click me!