'ടോം ഇമ്മട്ടി പറഞ്ഞ മഹാരാജാസിലെ കെഎസ്‍യുവിൻ്റെ ചെഗുവേര'; വിവാദത്തിൽ വ്യക്തത വരുത്തി ജിനോ ജോൺ

Published : Sep 27, 2025, 07:50 PM IST
oru mexican aparatha

Synopsis

രൂപേഷിന്റെ വാദം ശരിവെച്ചുകൊണ്ട്, തന്റെ ജീവിതകഥയാണ് സിനിമയെന്നും വാണിജ്യപരമായ കാരണങ്ങളാൽ കഥ മാറ്റിയതാണെന്നും ചൂണ്ടിക്കാണിച്ച് മുൻ കെ.എസ്.യു ചെയർമാൻ ജിനോ ജോൺ രംഗത്തെത്തി.

ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമായിരുന്നു 'ഒരു മെക്സിക്കൻ അപാരത'. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാംബരൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതുറന്നത്. 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ കെ.എസ്.യുവിന്റെ വിജയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയതെന്നും യഥാര്‍ത്ഥത്തില്‍ നായകന്‍ കെ.എസ്.യുക്കാരനും വില്ലന്മാര്‍ എസ്എഫ്‌ഐക്കാരുമായിരുന്നു എന്നാണ് രൂപേഷ് പറഞ്ഞത്.

എന്നാൽ ഇതിന് പിന്നാലെ സംവിധായകൻ ടോം ഇമ്മട്ടി രംഗത്തെത്തി. ചെഗുവേരയ്ക്ക് ഫിദല്‍ കാസ്‌ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവര്‍ത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നായിരുന്നു ടോം ഇമ്മട്ടിയുടെ പ്രതികരണം. രൂപേഷിന്റെ പ്രസ്താവന കേട്ട് താൻ ഞെട്ടി പോയെന്നും ടോം ഇമ്മട്ടി പറഞ്ഞിരുന്നു. എന്നാൽ താൻ കള്ളം പറയാറില്ലെന്നും, അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാറില്ലെന്നുമായിരുന്നു രൂപേഷിന്റെ മറുപടി. എന്നാൽ ഇപ്പോഴിതാ വിവാദങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജിനോ ജോൺ.

ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു ചെയർമാനായ തൻ്റെ ജീവിത കഥയാണെന്നും, ടോം ഇമ്മട്ടി പറഞ്ഞത് നുണയാണെന്നും ജിനോ ജോൺ പറയുന്നു. 'ആദ്യം കെ.എസ്.യുക്കാരൻ ചെയർമാനാകുന്ന റിയൽ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രൻ ചെയർമാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും കെ.എസ്.യു ക്കാരൻ ചെയർമാനാകുന്ന സിനിമാക്കഥാ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാൻ വേണ്ടിയാണെന്നും പറഞ്ഞ് എസ്.എഫ്.ഐകാരൻ ചെയർമാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥയാണ് മെക്സിക്കൻ അപാരത' എന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജിനോ ജോൺ പറയുന്നു.

ജിനോ ജോണിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ടോം ഇമ്മട്ടി പറഞ്ഞ KSU വിൻ്റെ ചെഗുവേര..!

രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറഞ്ഞതിലാണ് നുണ..

ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ KSU ചെയർമാനായ എൻ്റെ ജീവിത കഥയാണ്. സിനിമ ഇറങ്ങി 8 വർഷത്തിനിപ്പുറം രൂപേഷ് പീതാംബരൻ പറഞ്ഞതിലാണ് ശെരി. രുപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, എൻ്റെ പ്രിയ സുഹൃത്ത് ടോം ഇമ്മട്ടി പറയുന്നതിലാണ് നുണയുള്ളത്.

വർഷങ്ങൾക്ക് മുൻപ് ഈ കാര്യം പറഞ്ഞ് എറണകുളം മഹാരാജാസ് കോളേജിൻ്റെ മുന്നിൽ വന്ന് എന്നെ നേരിൽ കണ്ട ടോം ഇമ്മട്ടിയുടെ അന്നത്തെ മുഖവും, പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞാൽ സിനിമക്ക് കാരണമായ എൻ്റെ യഥാർത്ഥ കഥയെ കുറിച്ച് പത്രമാധ്യമങ്ങളിൽ പരസ്യം ചെയ്യുമെന്ന് പറഞ്ഞ ടോം ഇമ്മട്ടിയുടെ വാക്കുകളും ഇന്നും മനസ്സിലുണ്ട്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം ചെയ്യാനുറച്ച് എഴുതി കൊണ്ടിരിക്കുന്ന കാലം.താൻ ചെയ്യാൻ പോകുന്ന ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു.

എൻ്റെ സംവിധായകമോഹം ഉള്ളിലൊതുക്കി യാതൊരു സങ്കോചവുംമില്ലാതെ ഞാൻ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് വർഷങ്ങളോളം താങ്കൾക്കൊപ്പം നിന്നു.. അന്ന്, ഏറ്റവും അടുത്ത സുഹൃത്ത് രക്ഷപ്പെട്ട് കാണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചത്... ഇപ്പോൾ തെറ്റായി പോയെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു.. ആദ്യം KSU ക്കാരൻ ചെയർമാനാകുന്ന റിയൽ ലൈഫ് സിനിമാ കഥ, പിന്നീട് സ്വതന്ത്രൻ ചെയർമാനാകുന്ന സിനിമാ കഥ, പിന്നീട്, വീണ്ടും KSU ക്കാരൻ ചെയർമാനാകുന്ന സിനിമാക്കഥാ, പിന്നീട് പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പ്രൊജക്ട് ഓണാകുന്നില്ലെന്നും, പടം ഹിറ്റാകാൻ വേണ്ടിയാണെന്നും പറഞ്ഞ് SFI കാരൻ ചെയർമാനാകുന്ന ട്വിസ്റ്റ്ഡ് സിനിമയായി ഇറങ്ങിയ കഥ. 

ഇങ്ങനെ നമ്മൾ എഴുത്തുമായി എത്ര വർഷങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സുഹൃത്തുക്കൾ ജീവിതവും പ്രൊഫഷനും രക്ഷപ്പെടാനായി അവരുടെ സിനിമ ജീവിതത്തിന് എൻ്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാകാണ്ടെന്നും കരുതി., KSU കഥ SFI ആയി മാറാൻ ഞാനും അവസാനം ഓകെ പറഞ്ഞു. പക്ഷെ, ഞാൻ കാണിച്ച സുഹൃത്ത് ബന്ധത്തോടുള്ള ആത്മാർത്ഥത സിനിമ ഇറങ്ങിയപ്പോൾ കാണിക്കാൻ എൻ്റെ പ്രിയ സുഹൃത്ത് മറന്നുപോയി. സിനിമക്ക് മുൻപ് എന്നോട് പറഞ്ഞതുപോലെ ഒരു മെക്സിക്കൻ അപാരത സിനിമക്ക് കാരണമായ യഥാർത്ഥ കഥ, എൻ്റെ ലൈഫ് സ്റ്റോറിയാണെന്ന കാര്യം പത്രമാധ്യമങ്ങളിൽ കൊടുക്കുമെന്ന് പറഞ്ഞത് പാഴ്‌വാക്കായി മാറി. സിനിമയുടെ വലിയ വിജയത്തിൽ മതി മറന്ന് നിന്നപ്പോൾ.., ആ സിനിമ നടക്കാനും വലിയ വിജയത്തിനും കാരണക്കാരനായ എന്നെ അദ്ദേഹം വിസ്മരിച്ചു പോയി. 

ആ മറവിക്ക് ഞാൻ കൊടുക്കേണ്ടി വന്ന വിലയെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല.. ഇത്രയും വർഷം ടോം ഇമ്മട്ടി പറയുമെന്ന് ഞാൻ ആഗ്രഹിച്ച കാര്യം, അതിൽ അഭിനയിച്ച രുപേഷ് പീതാംബരാനാണ് ഇപ്പോൾ പറഞ്ഞത്., അതിനെ നുണയാക്കി മാറ്റിയ സംവിധായകൻ ടോം ഇമ്മട്ടിയാണ് ഇപ്പോൾ നുണ പറയുന്നത്. അത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് ശുദ്ധ പോക്കിരിത്തരമാണ്. ഏറ്റവും വലിയ തെളിവ് ഞാനായി ഇവിടെ നിലനിൽക്കുന്നിടത്തോളം കാലം.. കാലം മായ്ക്കാത്ത ചരിത്രമായി മഹാരാജാസിലെ KSU വിൻ്റെ വിജയം നിലനിൽക്കുന്നിടത്തോളം കാലം... സത്യത്തെ നുണയാക്കി മാറ്റാൻ കുറച്ച് പാടുപെടുമെന്ന് ഞാനും ടോമിനെ ഓർമ്മിപ്പിക്കുന്നു. എന്ന്.... മഹാരാജാസിലെ ടോം ഇമ്മട്ടിയുടെ സ്വന്തം KSU ചെഗുവേര…

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ