5 വര്‍ഷം കൂടെ നിന്നിട്ട് ലഭിച്ചത് 15,000 രൂപ, സെന്‍സറിംഗ് തടയാമെന്ന് നേതാക്കള്‍ പറഞ്ഞു; ജിനോ ജോണ്‍ അഭിമുഖം

Published : Sep 29, 2025, 12:35 PM IST
jino john

Synopsis

2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ കെ.എസ്.യുവിന്റെ വിജയത്തെ ആസ്പദമാക്കിയാണ് 'ഒരു മെക്സിക്കൻ അപാരത' ഒരുക്കിയത്

 

ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടോവിനോ ചിത്രം 'ഒരു മെക്സിക്കൻ അപാരത' യെ ചൊല്ലിയുള്ള വിവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറുമ്പോൾ എന്താണ് യഥാർത്ഥമായി സംഭവിച്ചതെന്ന് ജിനോ ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സിനിമയുടെ റീലിസിന് മുൻപ് സെൻസർ തടയാൻ താൻ വിശ്വസിക്കുന്ന സംഘടയുടെ നേതാക്കൾ ഒരുങ്ങിയപ്പോൾ താനാണ് അത് തടഞ്ഞതെന്ന് ജിനോ ജോൺ. 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ കെ.എസ്.യുവിന്റെ വിജയത്തെ ആസ്പദമാക്കിയാണ് 'ഒരു മെക്സിക്കൻ അപാരത' ഒരുക്കിയതെന്നും യഥാര്‍ത്ഥത്തില്‍ നായകന്‍ കെ.എസ്.യുക്കാരനും വില്ലന്മാര്‍ എസ്എഫ്‌ഐക്കാരുമായിരുന്നു എന്ന് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ നടനും സംവിധായകനുമായ രൂപേഷ് പിതാംമ്പരന്റെ പ്രസ്ഥാപനയ്ക്ക് പിന്നാലെയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ചിത്രത്തിൽ ഒരു വേഷത്തിലെത്തിയ ജിനോ ജോണിന്റെ ജീവിത കഥയാണ് സിനിമ പറഞ്ഞത്. ഇപ്പോൾ നടക്കുന്ന വിവാദത്തിന് മറുപടിയുമായി ജിനോ ജോൺ രംഗത്ത്.

ജിനോ ജോണിന്റെ വാക്കുകൾ

ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയിൽ നിന്ന് പലരും മെസ്സേജ് അയച്ചു. എന്റെ വ്യക്തിപരമായ, സാമ്പത്തിക നേട്ടത്തിന്, അല്ലെങ്കിൽ അതിൽ അഭിനയിക്കാൻ വേണ്ടി ഞാൻ യഥാർത്ഥ സംഭവത്തെ വളച്ചൊടിക്കാൻ ഞാൻ കൂട്ടുനിന്നുവെന്ന് അവരെല്ലാം പറഞ്ഞു. ആദ്യം എനിക്ക് സങ്കടം തോന്നി. പക്ഷേ അവരുടെ റിയാക്ഷന് കാരണമുണ്ട്. സിനിമയ്ക്ക് ശേഷമോ സിനിമ ഇത്ര വിജയമായതിന് ശേഷമോ അവർ ഒരു വാർത്താസമ്മേളനം വിളിച്ചോ അല്ലെങ്കിൽ ഏതെങ്കിലും വിധേനയോ യഥാർത്ഥ സംഭവം അവർ പറഞ്ഞില്ല. അതുകൊണ്ടാണ് അവരുടെ എല്ലാം റിയാക്ഷൻ അങ്ങനെയായത്. എനിക്ക് വ്യക്തിപരമായ ഒരു നേട്ടത്തിനും വേണ്ടിയല്ല ഞാൻ അതിനൊപ്പം നിന്നത്. വേണമെങ്കിൽ നായകൻ കഴിഞ്ഞുള്ള പ്രധാന വേഷം എനിക്ക് വേണമെന്ന് ആവശ്യപ്പെടാമായിരുന്നു അല്ലെങ്കിൽ കഥ, തിരക്കഥ എന്റെ പേരിൽ വയ്ക്കണമെന് നിർബന്ധം പിടിക്കാമായിരുന്നു. അല്ലെങ്കിൽ ഈ സിനിമയുടെ ഒരു ശതമാനം ലാഭവിഹിതം എനിക്ക് നൽകണമെന്ന് പറയാമായിരുന്നു. ഞാൻ അതൊന്നും അന്നും ഇന്നും ആവശ്യപ്പെട്ടിട്ടില്ല. ആ സിനിമ നടക്കണമെന്നും അതിനൊപ്പം ടോം ഉൾപ്പടെയുള്ളവർ രക്ഷപ്പെടണമെന്നാണ് ആഗ്രഹിച്ചത്.ടോം സ്വാഭാവികമായി രക്ഷപ്പെടുമ്പോൾ തന്നെ ഞങ്ങളുടെ കൂടെയുള്ള ഒരു കൂട്ടം മനുഷ്യരെ ഒരുമിച്ച് രക്ഷപ്പെടുത്താനായി അവനു സാധിക്കും. അതിന് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തടസം നില്‍ക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഈ സിനിമയിൽ നാലഞ്ച് വർഷം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി എടുക്കാത്ത പണികളില്ല. എറണാകുളത്ത് നിന്ന് അങ്കമാലിയിൽ എത്തുമ്പോൾ ബസ് ഇല്ലാതെ ഡെയിലി പതിനഞ്ച് കിലോമീറ്റർ നടക്കുകയായിരുന്നു. എനിക്ക് വ്യക്തിപരമായ നേട്ടത്തിനാണെങ്കിൽ ഈ നാലഞ്ച് വർഷം ഞാനിങ്ങനെ നിന്നിട്ട് എനിക്ക് 15000 രൂപയാണ് ആകെ തന്നത്. എനിക്ക് ആ പൈസ വേണ്ടായെന്ന് പറഞ്ഞതാണ്. ആ സിനിമയിലൂടെഎന്റെ ഒരുപാട് സുഹൃത്തുക്കൾ രക്ഷപെടാൻ വേണ്ടിയാണ് ഞാൻ കൂടെനിന്നത്, അല്ലാതെ മറ്റൊരു ലക്ഷ്യം ഉണ്ടായിട്ടില്ല. 

സിനിമ ഇറങ്ങുന്നതിന് മുൻപ് പല നേതാക്കളും എന്നെ വിളിച്ചു. ജിനോ നിന്നെ പറ്റിച്ചിട്ടാണ് ഇവർ ഈ ചെയ്യുന്നത്, ഞങ്ങൾ ഈ സെൻസർ തടയാമെന്ന് പറഞ്ഞു. നീ ഒരു വാക്ക് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അപ്പോൾ ഞാൻ അവരോട് പറഞ്ഞത് എന്റെ സുഹൃത്തുക്കളാണ് എന്നാണ്. ഈ സിനിമ കഴിഞ്ഞാൽ അവർ യഥാർത്ഥ സംഭവം എന്താണെന്ന് പുറത്തുവിടും എന്നാണ് ഞാൻ അവരോട് പറഞ്ഞത്. ഒരുപാട്പേരുടെ ജീവിതമായത് കൊണ്ട് ഞാൻ അവരെ അന്ന് അവിടെ തടയുകയായിരുന്നു.'-ജിനോ ജോൺ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം