അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ്

കൊച്ചി: അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ ജോസിന്. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപവുമടങ്ങിയതാണ് അവാർഡ്. സംവിധായകൻ മെക്കാർട്ടിൻ ചെയർമാനും സംവിധായകരായ എം പദ്മകുമാർ, സുഗീത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകന് അവാർഡ് നൽകുമെന്ന് ട്രസ്റ്റ് അറിയിച്ചു.

ജനുവരി 27ന് വൈകിട്ട് 6.30ന് എറണാകുളം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ഷാഫിയുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേരുന്ന ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുക്കും.

കളങ്കാവല്‍

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിന്‍ കെ ജോസ് ആയിരുന്നു. മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനുമായി എത്തുന്ന ചിത്രം എന്നതായിരുന്നു കളങ്കാവലിന്‍റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തിയിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ഉള്ളത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming