'അടിയേറ്റ് വീഴുന്ന ഓരോ വിദ്യാർഥിക്കും ഐക്യദാർഢ്യം'; ജെഎൻയു വിഷയത്തിൽ പ്രതികരിച്ച് ​ഹരീഷ് ശിവരാമകൃഷ്ണൻ, റിമ കല്ലിങ്കൽ

By Web TeamFirst Published Jan 6, 2020, 4:49 PM IST
Highlights

മ‍ഞ്ജു വാര്യർ, ട്വിങ്കിള്‍ ഖന്ന, നിവിൻ പോളി എന്നിവർക്ക് പുറമെ നടി റിമ കല്ലിങ്കലും ഹരീഷ് ശിവരാമകൃഷ്ണനും ജെഎന്‍യുവിലുണ്ടായ ആക്രമണ സംഭവത്തെ അപലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

തിരുവനന്തപുരം: ദില്ലി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ ഞായറാഴ്ച നടന്ന ആക്രമണത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്ര-സമൂഹിക മേഖലയിലെ പ്രമുഖരടക്കം സംഭവത്തിൽ 
സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മ‍ഞ്ജു വാര്യർ, ട്വിങ്കിള്‍ ഖന്ന, നിവിൻ പോളി എന്നിവർക്ക് പുറമെ നടി റിമ കല്ലിങ്കലും ഹരീഷ് ശിവരാമകൃഷ്ണനും ജെഎന്‍യുവിലുണ്ടായ ആക്രമണ സംഭവത്തെ അപലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അടിയേറ്റ് വീഴുന്ന ഓരോ വിദ്യാർഥിയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. "പഠിക്കാൻ പോയ പഠിക്കണം അല്ലാതെ ഓരോ പ്രശ്നത്തിൽ കൊണ്ട് തല വെച്ചാ ഇങ്ങനെ ഇരിക്കും എന്ന പ്രിവിലേജിൽ നിന്ന്, മനുഷ്യത്വ രാഹിത്യത്തിൽ നിന്നു വരുന്ന ന്യായം പറച്ചിൽ ഒരുകാലത്തു ഞാൻ പറഞ്ഞിട്ടുണ്ട് എന്നതിൽ ലജ്ജിക്കുന്നു. പശ്ചാത്തപിക്കുന്നു .നല്ലൊരു നാളേക്ക് വേണ്ടി , വരും തലമുറക്ക് വേണ്ടി, അഭിപ്രായ സ്വാതന്ത്ര്യം ഉള്ള, മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലനിന്നു പോകാൻ വേണ്ടി ശബ്ദം ഉയർത്തുന്ന, അടിയേറ്റ് വീഴുന്ന ഓരോ വിദ്യാർത്ഥിയോടും ഐക്യദാർഢ്യം"- ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഭീരുക്കളാണ് വിദ്യാർഥികളെ ആക്രമിക്കുന്നതെന്ന് നടി റിമ കല്ലിങ്കൽ പ്രതികരിച്ചു. പൊലീസും സർക്കാരും ചേർന്ന് ഒരുക്കുന്ന അക്രമമാണ് ഇതെന്നും റിമ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ജെഎൻയു ക്യാമ്പസിനുള്ളിൽ കടന്ന അക്രമികൾക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നത് പൊലീസാണ് എന്ന യോഗേന്ദ്ര യാദവിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. ജെഎൻയുവിലേക്കുള്ള ദില്ലിയിലെ റോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തിരുന്നു.

 

 

click me!