
ജോജു ജോർജ് ആദ്യമായി സംവിധായകന്‍റെ കുപ്പായമണിഞ്ഞ 'പണി' തിയറ്ററുകളിൽ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഇതിനകം നിരവധി സംവിധായകരും സിനിമാലോകത്തെ ടെക്നീഷ്യൻമാരും താരങ്ങളും ചിത്രത്തെ കുറിച്ച് നല്ല വാക്കുകള്‍ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോണി ആന്‍റണി 'പണി'യെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
"ജോജു ജോർജിന്റെ കൂടെ രണ്ട് സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അപ്പോഴേ തോന്നിയ കാര്യമാണ് ജോജു ഒരു ഓൾറൗണ്ടർ ആണെന്നുള്ളത്. ‘പണി’ സിനിമ കണ്ടു. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മൊത്തത്തിൽ ജോജു ഇത് നന്നായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പടം ആളുകളെ പിടിച്ചിരുത്തുന്നുണ്ട്. Revenge Story ആണെങ്കിൽ പോലും ഒട്ടും വിരസത ഇല്ലാതെ വളരെ ചടുലമായി നിർത്താൻ ജോജുവിന് സാധിച്ചിട്ടുണ്ട്. കാസ്റ്റിംഗും ഗംഭീരം ആയിട്ടുണ്ട്. എല്ലാവരും അവരുടേതായ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഒരു ഫിലിം മേക്കറുടെ റോൾ നന്നായി നിർവഹിച്ചതിനൊപ്പം ജോജു ഭംഗിയായി അഭിനയിച്ചിട്ടും ഉണ്ട്. മറ്റുള്ള എല്ലാവരും നന്നായി അഭിനയിച്ചു, എങ്കിലും എന്റെ സുഹൃത്തായ ബോബി കുര്യൻ, കൂടാതെ സാഗർ സൂര്യയും ജുനൈസും വളരെ നന്നായി ചെയ്തു. എല്ലാവരും ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക. കാണാൻ രസമുള്ള സിനിമ… നല്ല തരിപ്പുള്ള സിനിമ. മസ്റ്റ് വാച്ച്", ജോണി ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി സഹനടനായി, നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'പണി' കാണുന്നതിന് തിയറ്ററുകളിൽ വൻ ജനപ്രവാഹമാണ്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്, എഡിറ്റർ മനു ആന്‍റണി.
ALSO READ : നാടക കലാകാരന്മാരുടെ സിനിമ; 'ഹത്തനെ ഉദയ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ