Diorama Film Festival : ഡിയോരമ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ‘നായാട്ട്‘, മികച്ച നടൻ ജോജു ജോർജ്

By Web TeamFirst Published Dec 27, 2021, 1:36 PM IST
Highlights

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കല്ലിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍(Diorama Film Festival) മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നടന്‍ ജോജു ജോര്‍ജിന്(Joju George). മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു.

നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ അറിയിച്ചത്. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കല്ലിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. ഗിരിഷ് കാസർവള്ളി, മനീഷ കൊയ്‌രാള, സുരേഷ് പൈ, സുദീപ് ചാറ്റർജീ, സച്ചിൻ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

84 രാജ്യങ്ങളില്‍ നിന്നുള്ള 130-ലധികം സിനിമകള്‍ ആണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ദില്ലിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ ഗ്രൗണ്ടിലായിരുന്നു മേള നടന്നത്. നായാട്ടിലെ മണിയന്‍ എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ഷാഹി കബീര്‍ ആണ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് നെറ്റ്ഫ്ളിക്സ് റിലീസിലൂടെ വ്യാപകശ്രദ്ധ നേടിയിരുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രമാണിത്.

click me!