Joju George | ജോജുവിന്‍റെ 'സ്റ്റാര്‍' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ

By Web TeamFirst Published Nov 9, 2021, 6:57 PM IST
Highlights

ജോജുവിന്‍റെ ഫോട്ടോ വച്ച റീത്തുമായി ഷേണായ്‍സ് തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: ജോജു ജോര്‍ജ് (Joju George) നായകനായ 'സ്റ്റാര്‍' (Star Movie) എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന എറണാകുളം ഷേണായ്‍സ് തിയറ്ററിനു (Shenoys) മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് (Youth Congress) ധര്‍ണ്ണ. ജോജുവിന്‍റെ ഫോട്ടോ വച്ച റീത്തുമേന്തിയാണ് പ്രവര്‍ത്തകരുടെ ധര്‍ണ്ണ. എറണാകുളം ജില്ലയില്‍ ജനത്തെ ബുദ്ധിമുട്ടിച്ചുള്ള സിനിമാ ചിത്രീകരണങ്ങളൊന്നും അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു.

അതേസമയം ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ ആറ് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ കോടതിയുടെ ഉത്തരവ് നാളെ വരും. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ റോഡ് ബ്ലോക്കില്‍ കുടുങ്ങിയ ഒരു കാന്‍സര്‍ രോഗിക്കുവേണ്ടിയാണ് ജോജു കയര്‍ത്തതെന്ന വാദം പൊളിഞ്ഞുവെന്നാണ് പ്രതികള്‍ പറയുന്നത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം ഇല്ല. സിനിമാ സംബന്ധിയായ കാര്യങ്ങള്‍ക്കായി പോകുമ്പോള്‍ സ്വന്തം വാഹനം തടയപ്പെട്ടതിനെത്തുടര്‍ന്ന് ജോജു കയര്‍ത്തെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം ജാമ്യത്തിനുള്ള തുക നാശനഷ്‍ടത്തിന്‍റെ 50 ശതമാനമായി നിശ്ചയിക്കണമെന്നും പ്രതികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്‌ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടുമുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രസ്താവനയിറക്കിയിരുന്നു. ശ്രീനിവാസന്‍ നായകനാവുന്ന കീടം എന്ന സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിനു മുന്നില്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയുടെ കാഞ്ഞിരപ്പള്ളിയിലെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് തള്ളി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഷിയാസ് ഇക്കാര്യം അറിയിച്ചത്. 

click me!