'അവകാശവാദങ്ങളില്ല, ഒരു കുഞ്ഞ് സിനിമ'; 'തുടക്ക'ത്തെക്കുറിച്ച് ജൂഡ് ആന്തണി ജോസഫ്

Published : Jul 01, 2025, 06:33 PM IST
jude anthany joseph about thudakkam movie starring vismaya mohanlal

Synopsis

"ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ.."

മോളിവുഡിന് ഇന്ന് ലഭിച്ച സര്‍പ്രൈസ് പ്രഖ്യാപനങ്ങളില്‍ ഒന്നാണ് വിസ്മയ മോഹന്‍ലാല്‍ അഭിനേതാവായി അരങ്ങേറുന്ന ചിത്രം. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 37-ാം ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഈ അവസരത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് ജൂഡ് ആന്തണി ജോസഫ്.

“ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്‍പ്പിക്കുമ്പോള്‍ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചീ... കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു “ആന്റണി- ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ❤️❤️❤️ പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ”, ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം തുടക്കത്തിന്‍റെ മറ്റ് അണിയറക്കാരെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. തങ്ങളില്‍ നിന്ന് വൈകിട്ട് അഞ്ചിന് ഒരു പ്രധാന പ്രഖ്യാപനം വരുന്ന വിവരം ആശിര്‍വാദ് സിനിമാസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം ആവുമെന്നാണ് ആരാധകര്‍ കരുതിയത്. വിസ്മയയുടെ സിനിമാ അരങ്ങേറ്റം സംബന്ധിച്ച് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു. ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശങ്കകള്‍ നീങ്ങി, നന്ദമുരി ബാലകൃഷ്‍ണ ചിത്രം അഖണ്ഡ 2 റിലീസിന് തയ്യാറായി, പുതിയ തീയ്യതി
'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ