'ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനംകുത്തി കാണിക്കരുത്'; അഭയ കേസ് വിധിയില്‍ പ്രതികരണവുമായി ജൂഡ് ആന്‍റണി

By Web TeamFirst Published Dec 23, 2020, 8:31 PM IST
Highlights

അതേസമയം പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് ക്നാനായ കത്തോലിക്ക സഭ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്

അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ തിരുവസ്ത്രം സഭ തിരികെ വാങ്ങണമെന്ന് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്. താനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും ജൂഡ് ആന്‍റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. രൂക്ഷമായ ഭാഷയിലാണ് ജൂഡിന്‍റെ പ്രതികരണം.

"ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുൾപ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്", ജൂഡ് ആന്‍റണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് ക്നാനായ കത്തോലിക്ക സഭ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്. "കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സിബിഐ സ്പെഷ്യല്‍ കോടതി വിധിക്കുകയും ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്. അവര്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദു:ഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു", ക്നാനായ കത്തോലിക്ക സഭയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം അഭയ കേസ് പ്രതികളുടെ ശിക്ഷ എന്തെന്നുള്ള തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഇന്ന് ഉച്ചയോടെയാണ് വന്നത്. ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. ജഡ്‍ജി കെ സനല്‍കുമാര്‍ ആണ് വിധി പറഞ്ഞത്. 

click me!