
ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രമായ ‘ഡ്രാഗൺ’ എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ ചിത്രം നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്‌സ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
രുക്മിണി വസന്ത് നായികയാവുന്ന ചിത്രം കൂടിയാണിത്. കാന്താരയ്ക്ക് ശേഷം രുക്മിണി വസന്ത് എത്തുന്നതും പ്രേക്ഷകർക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടുള്ള ലുക്കിലാണ് ജൂനിയർ എൻടിആർ ചിത്രത്തിലെത്തുന്നത്. നേരത്തെ എൻടിആറിന്റെ ചിത്രത്തിന് വേണ്ടിയുള്ള ലുക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി അദ്ദേഹം കുറച്ചത് 15 കിലോ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.
"ഒരു ഘട്ടത്തിൽ 15 കിലോയോളം ഭാരം കുറച്ചിരുന്നു. ആ സമയത്ത് അദ്ദേഹം വളരെ ക്ഷീണിതനായും വിളറിയും കാണപ്പെട്ടു. ഇതോടെ ഞാൻ ഡയറ്റ് നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം നിർത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയും അമ്മയ്ക്കും എന്നോട് ദേഷ്യമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അറിയുന്നവർക്ക് എല്ലാവർക്കും എന്നോട് ദേഷ്യമായിരുന്നു. ഭാരം അൽപം കുറയ്ക്കാൻ മാത്രമാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. പക്ഷേ അത് അദ്ദേഹം വളരെ ഗൗരവമായി എടുത്തു." പ്രശാന്ത് നീൽ പറയുന്നു. സിനിമയുടെ പ്രമോഷൻ ഇന്റർവ്യൂവിലാണ് പ്രശാന്ത് നീലിന്റെ പ്രതികരണം.
രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ബിജു മേനോൻ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാൻ ട്രേഡിംഗ് കമ്പനി, ഗോൾഡൻ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തിൽ ആക്ഷൻ, രാഷ്ട്രീയം, ക്രൈം ഘടകങ്ങൾ കോർത്തിണക്കിയ വമ്പൻ പാൻ ഇന്ത്യൻ സിനിമയായാണ് ‘ഡ്രാഗൺ’ ഒരുങ്ങുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ