ദേശീയ അവാര്‍ഡ് നല്‍കാത്തതിന് ആരാധകരുടെ മോശം കമന്റുകള്‍; മമ്മൂട്ടി ക്ഷമ ചോദിച്ചെന്ന് ജൂറി ചെയര്‍മാൻ

By Web TeamFirst Published Aug 10, 2019, 3:40 PM IST
Highlights

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാൻ എന്ന നിലയില്‍ താൻ മമ്മൂട്ടിക്ക് അയച്ച സന്ദേശം എന്ന തലക്കെട്ടോടെയാണ് രാഹുല്‍ റവൈല്‍ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പിട്ടത്.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍, പേരൻപിലെ അഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനാകുമെന്ന് ആരാധകര്‍ കരുതിയിരുന്നു. ജൂറി അവാര്‍ഡ് പ്രഖ്യാപിക്കുന്ന ലൈവ് വീഡിയോയ്‍ക്ക് താഴെ മമ്മൂട്ടിക്ക് അവാര്‍ഡ് എന്ന് ആരാധകര്‍ തുടര്‍ച്ചയായി കമന്റുകളിടുകയും ചെയ്‍തിരുന്നു. മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിക്കുകയും ചെയ്‍തിരുന്നു. മമ്മൂട്ടി ആരാധകര്‍ തനിക്ക് മോശമായ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് പറഞ്ഞ് ജൂറി ചെയര്‍മാൻ രാഹുല്‍ റവൈലും സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി. സംഭവത്തില്‍ മമ്മൂട്ടി ക്ഷമ ചോദിച്ചെന്നും രാഹുല്‍ റവൈല്‍ പിന്നീട് പറഞ്ഞു.

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാൻ എന്ന നിലയില്‍ താൻ മമ്മൂട്ടിക്ക് അയച്ച സന്ദേശം എന്ന തലക്കെട്ടോടെയാണ് രാഹുല്‍ റവൈല്‍ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പിട്ടത്. മിസ്റ്റര്‍ മമ്മൂട്ടി,  വെറുപ്പ് നിറഞ്ഞതും അരോചകവുമായ ഒരുപാട് സന്ദേശങ്ങള്‍ താങ്കളുടെ ആരാധകരില്‍ നിന്ന് അല്ലെങ്കില്‍ ഫാൻസ് ക്ലബ് എന്ന വിളിക്കപ്പെടുന്നവരില്‍ നിന്നോ കിട്ടുന്നു.  പേരൻ‍പ് എന്ന ചിത്രത്തിന് താങ്കള്‍ക്ക് എന്തുകൊണ്ട് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചില്ല എന്നാണ് ചോദിക്കുന്നത്. നേരെ കാര്യങ്ങള്‍ വിശദമാക്കട്ടെ. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആര്‍ക്കും അധികാരമില്ല. രണ്ടാമത്, താങ്കളുടെ സിനിമ പേരൻപ് റീജിയണല്‍ പാനല്‍ തള്ളിയതാണ്. അതുകൊണ്ട് സെൻട്രല്‍ പാനലില്‍ ഉള്‍ക്കൊള്ളിച്ചില്ല. താങ്കളുടെ ആരാധകര്‍ ആവശ്യമില്ലാത്ത കാര്യത്തിന്  പോരാടുന്നത് അവസാനിപ്പിക്കണം. ഒരു ജൂറിയെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല- രാഹുല്‍ റൈവല്‍ എഴുതി. മമ്മൂട്ടി തനിക്ക് മറുപടി അയച്ചതായും രാഹുല്‍ റവൈല്‍ സാമൂഹ്യമാധ്യമത്തിലൂടെ തന്നെ പിന്നീട് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി മറുപടി അയച്ചെന്നാണ് രാഹുല്‍ റവൈല്‍ എഴുതിയിരിക്കുന്നത്.

click me!