
മലയാളത്തില്‍ റീ റിലീസ് ചിത്രങ്ങളില്‍ തിയറ്ററുകളില്‍ ഇത്രയധികം ഓളമുണ്ടാക്കിയ ഒരു ചിത്രം ഛോട്ടാ മുംബൈ പോലെ മറ്റൊന്നില്ല. ആറാം തീയതി ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ കാണികള്‍ ഏറ്റെടുക്കുകയായിരുന്നു, വിശേഷിച്ചും യുവാക്കളായ പ്രേക്ഷകര്‍. തിയറ്ററുകളില്‍ ഡാന്‍സ് ചെയ്യല്‍ മലയാളികളെ സംബന്ധിച്ച് അപൂര്‍വ്വമാണെങ്കില്‍ അത്തരത്തിലുള്ള ഓളമാണ് ഛോട്ടാ മുംബൈ സൃഷ്ടിച്ചിരിക്കുന്നത്. കളക്ഷനിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റീ റിലീസിലേക്ക് വെറും 10 ദിനങ്ങള്‍ മാത്രമേ അവശേഷിക്കുനുള്ളൂ.
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തെത്തിയ ഉദയനാണ് താരം എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റെ അടുത്ത റീ റിലീസ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ഈ മാസം 20 നാണ് ചിത്രത്തിന്‍റെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റീ റിലീസ് തീയതി. എന്നാല്‍ ഛോട്ടാ മുംബൈ അപ്പോഴും തിയറ്ററുകളില്‍ ആവേശപൂര്‍വ്വം തുടരുന്നപക്ഷം ചിത്രത്തിന്‍റെ റീ റിലീസ് നീട്ടിയേക്കാം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും ചേര്‍ന്ന് എഴുതിയ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വർഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെയാണ് തിയറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. ഉദയഭാനുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനാണ്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമ്മിച്ചത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് ഉദയനാണ് താരം. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.