
നടി, ആർജെ എന്നീ നിലകളിലെല്ലാം പലർക്കും സുപരിചിതമായൊരു മുഖമായിരിക്കും ജ്യോതി കൃഷ്‍ണയുടേത്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രൻഡിങ്ങ് ആയ കുട്ടിക്കാലത്തെ ഫോട്ടോയ്ക്കൊപ്പം ഇപ്പോഴത്തെ ഫോട്ടോ ചേർത്തുവെച്ചുള്ള എഐ ഇമേജ് പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിനൊപ്പം ജ്യോതി പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
''നിന്നെ എനിക്ക് എപ്പോഴും ഇങ്ങനെയാണ് കാണാൻ ഇഷ്ടം. നീ അടിക്കടി എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട് കേട്ടോ… കളിച്ചും ചിരിച്ചും പാടത്തും തൊടിയിലുമൊക്കെ ഓടിച്ചാടി നടക്കുന്ന ആ പഴയ മീനാക്ഷിക്കുട്ടി… ചില സമയങ്ങളിൽ നീ കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് പോകുന്നത് ഞാൻ കാണാറുണ്ട്. മറ്റുചില വേളകളിൽ നീ പേടിച്ചും സങ്കടത്തോടെയും എന്നെ നോക്കി നിൽക്കുന്നതും ഞാൻ കാണാറുണ്ട്. എന്നും എനിക്ക് നിന്നെ ഇങ്ങനെ തന്നെയാണ് കാണാൻ ഇഷ്ടം… എത്ര പറഞ്ഞാലും, എന്ത് പറഞ്ഞാലും, നിന്നെ എന്നോളം അറിയുന്ന ആരെങ്കിലും ഈ ലോകത്തുണ്ടോ? നീ കടന്നുപോയ വഴികൾ എനിക്കറിയുന്നതുപോലെ മറ്റാരെങ്കിലും അറിയുമോ? നിന്റെ ഉള്ളിൽ എത്രമാത്രം സങ്കടങ്ങൾ ഒളിഞ്ഞിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ… അവിടെയൊക്കെ വന്ന് നിന്നെ ഒന്ന് കെട്ടിപ്പിടിച്ച് “സാരമില്ല… സങ്കടപ്പെടേണ്ട… ഞാൻ ഉണ്ടല്ലോ നിനക്ക്…” എന്ന് പറയണം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
ജീവിതം എങ്ങോട്ടു കൊണ്ടുപോയാലും, എന്തെല്ലാം വന്നാലും, നമ്മൾ രണ്ടുപേരും ഒരുമിച്ച് അതെല്ലാം തരണം ചെയ്തവരാണ്… ഇവിടെവരെ എത്തുമ്പോൾ നിന്നോട് പലതും പറയണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വരാനിരിക്കുന്നത് ഏറ്റവും നല്ല ദിവസങ്ങളാണെന്ന്… നമ്മൾ ഒരുമിച്ച് എല്ലാ പ്രശ്‍നങ്ങളും തരണം ചെയ്ത്, എല്ലാ സന്തോഷങ്ങളും കൂടി ആഘോഷിക്കുമെന്ന്… എന്നിരുന്നാലും, എന്റെ മനസ്സ് എപ്പോഴും ആഗ്രഹിക്കുന്നത് ഒന്നേയുള്ളൂ… നിന്നെ ഇങ്ങനെ തന്നെ കാണണം. ആ കുട്ടിയായിട്ട് തന്നെ… അത് പോലെ ഒരു ചിരി, നിഷ്കളങ്കമായൊരു മുഖഭാവം, എല്ലാവരോടും സ്നേഹം നിറഞ്ഞ ഹൃദയം… ഒന്നിനെയും പേടിക്കാതെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പം ഓടി നടന്നിരുന്ന ആ കാലം…എനിക്ക് നിന്നെ അങ്ങനെ തന്നെയാണ് കാണാൻ ഇഷ്ടം…'', ജ്യോതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ