'അവനില്ലാതെ പാടിത്തുടങ്ങിയപ്പോഴെ കണ്ണുകൾ കവിഞ്ഞൊഴുകി', കെ ജി വിജയനെ കുറിച്ച് കെ ജി ജയൻ

By Web TeamFirst Published Jan 13, 2021, 4:14 PM IST
Highlights

 'മകരസംക്രമ ദിനത്തിൽ പുണ്യനദി പമ്പയിലലിഞ്ഞു ചേരുന്നതിനേക്കാൾ വലിയ മോക്ഷം അയ്യപ്പഭക്തനായ ഒരു ഗാനോപാസകനു വേറെ എന്തുണ്ട്? മരണത്തിലും ഹരിഹരസുതൻ അവനെ ചേർത്തുനിർത്തി' – ഇരട്ട സഹോദരൻ കെ ജി ജയൻ പറയുന്നതിങ്ങനെ.

രജീഷ് നിരഞ്‍ജൻ

ചില യാദൃശ്ചികതകൾ വെറുതെയങ്ങു വന്നു പോകുന്നവയല്ല, അവ നിയോഗങ്ങൾ ആയിരുന്നോ എന്നു കാലം പിന്നീടു തോന്നിപ്പിച്ചേക്കാം. അത്തരത്തിൽ ഒരു യാദൃശ്ചികത കൂടി, കർണാടക സംഗീതത്തിലെ അപൂർവ സഹോദരങ്ങളായ ജയവിജയൻമാരിൽ വിജയന്റെ വേർപാടിലുണ്ട്.  'മകരസംക്രമ ദിനത്തിൽ പുണ്യനദി പമ്പയിലലിഞ്ഞു ചേരുന്നതിനേക്കാൾ വലിയ മോക്ഷം അയ്യപ്പഭക്തനായ ഒരു ഗാനോപാസകനു വേറെ എന്തുണ്ട്? മരണത്തിലും ഹരിഹരസുതൻ അവനെ ചേർത്തുനിർത്തി' – ഇരട്ട സഹോദരൻ കെ ജി ജയൻ പറയുന്നതിങ്ങനെ. പാടി മുഴുമിക്കാതെപോയ കീർത്തനം പോലെ 53 വയസ്സിൽ വിടവാങ്ങിയ സഹോദരനെ കുറിച്ചുള്ള ഓർമ്മകൾ പദ്‍മശ്രീ കെ ജി ജയൻ പങ്കുവയ്ക്കുന്നു.

'അവൻ അയ്യപ്പനിൽ ലയിച്ചു എങ്കിലും ആ നാദശരീരം ഇപ്പോഴും എന്റെ ഒപ്പമുണ്ട്. എൺപത്തിയാറാം വയസ്സിലും പാടാൻ എനിക്ക് കരുത്ത് നൽകുന്നതും അതുതന്നെ, മകരജ്യോതി പോലെ അവൻ എന്നും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു'.

മകരമാസത്തിലെ നോവ്

1988 ജനുവരി 14. അന്നൊരു  മകരസംക്രമ ദിനമായിരുന്നു. 30 വർഷത്തിനിടെ അന്നാദ്യമായി തിരുവാഭരണ ഘോഷയാത്ര ജയവിജയ സംഗീത അകമ്പടിയില്ലാതെ മല കയറി (പന്തളത്തു നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര പമ്പയിൽ എത്തുമ്പോൾ സന്നിധാനത്ത്  ജയവിജയന്മാരുടെ കച്ചേരി തുടങ്ങും. അതായിരുന്നു പതിവ്. 30 വർഷം ഇരുവരും ഒരുമിച്ചും വിജയന്റെ മരണശേഷം 14 വർഷം ജയൻ തനിച്ചും സന്നിധാനത്ത് പാടി). എന്നാൽ ആ സമയത്തും കെ ജി ജയൻ ശബരിമലയിൽ തന്നെ ഉണ്ടായിരുന്നു. പമ്പാതീരത്ത് കയ്യിൽ ഒരു ചെറിയ മൺകുടത്തിൽ അനുജൻ കെ ജി വിജയന്റെ ചിതാഭസ്‍മവുമായി.

ജനുവരി എട്ടിന് ആയിരുന്നു ജയനെ തനിച്ചാക്കി വിജയൻ യാത്രയായത്. തമിഴ്‍നാഴ്‍നാട്ടിലെ ഡിൻഡിഗലിലെ അയ്യപ്പ ക്ഷേത്രത്തിൽ കച്ചേരിക്കു പോകവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരാഴ്‍ചക്ക് ശേഷം മകര സന്ധ്യക്ക് അദ്ദേഹത്തിന്റെ ചിതാഭസ്‍മം പമ്പയിൽ നിമജ്ജനം ചെയ്‍തു.

'ഓർമവെച്ച കാലം മുതൽ ഒന്നിച്ചായിരുന്നു. ഒരേ വേദിയിൽ, ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ്  പാടിയിരുന്നതുപോലും. ജീവിതവഴികളിലെല്ലാം ഒരുമിച്ച് യാത്ര ചെയ്‍തു. ആ ഏകത്വം  ഇനിയില്ല, ഞാൻ മാത്രമേയുള്ളൂ എന്ന വികാരമാണ് അന്ന് എന്നെ തളർത്തിയത്'. – കെ ജി ജയൻ പറയുന്നു.  'എനിക്കു മാത്രമായി ഇനിയൊരു ജീവിതം വേണ്ട എന്നു പോലും തോന്നിപ്പോയി. ആകെക്കൂടി ഒരു മരവിപ്പ്'.

അനുജന്റെ മരണശേഷമുള്ള ആദ്യ കച്ചേരി കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലായിരുന്നു. നേരത്തെ ഏറ്റിരുന്ന പരിപാടിയായിരുന്നു. പാടിത്തുടങ്ങിയപ്പോഴെ കണ്ണുകൾ കവിഞ്ഞൊഴുകി, സ്വരമിടറി, വരികൾ മുറിഞ്ഞു. കാണികളും കമ്മിറ്റിക്കാരും സ്റ്റേജിലെത്തി ആശ്വസിപ്പിച്ചു. 'ദുഖം മാത്രമല്ല തളർത്തിയത്. ഒറ്റക്ക് പാടി ശീലവുമില്ലായിരുന്നു. ഷഡ്‍ജം മുതൽ പഞ്ചമം വരെ വിജയൻ പാടും, പഞ്ചമം മുതൽ ഷഡ്‍ജം വരെ ഞാനും. വീണ്ടും ഷഡ്‍ജം മുതൽ മേൽസ്ഥായി വരെ അടുത്തയാൾ. അങ്ങനെയായിരുന്നു പാടി ശീലിച്ചിരുന്നത്. ഒരാൾ ഒറ്റയ്ക്കു പാടുമ്പോൾ ഒരു താളവട്ടം തന്നെ പൂർത്തിയാക്കാൻ പാടാണ്. പിന്നീട് പരിശീലനത്തിലൂടെ ആണ് അത് മറികടന്നതും.  എങ്ങനെയൊക്കെയോ അന്നത്തെ ആ കച്ചേരി പൂർത്തിയാക്കി'.

തുടർന്ന് ഒരു വർഷത്തോളം സംഗീത വനവാസത്തിലായിരുന്നു. വന്ന അവസരങ്ങൾ ഒക്കെ അതിന്റെ പാട്ടിനു വിട്ട് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി. അങ്ങനെയിരിക്കെ ഒരിക്കൽ യേശുദാസിനെ തിരുവനന്തപുരത്ത് വച്ച് കണ്ടു. അനുജന്റെ വിയോഗത്തെ തുടർന്ന് ഞാൻ സംഗീതരംഗത്തു നിന്ന് പിൻവലിഞ്ഞു നിൽക്കുന്ന കാര്യം അദേഹത്തിന് അറിയാമായിരുന്നു. ദാസ് ചോദിച്ചു 'നമുക്കൊരു  കൃഷ്‍ണ ഭക്തിഗാന കസെറ്റ് ചെയ്‍താലോ?, തരംഗിണി നിർമിക്കും'.– യേശുദാസ് നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.

അങ്ങനെയാണ് ‘മയിൽപീലി’ എന്ന ആൽബത്തിന്റെ പിറവി. എസ് രമേശൻ നായർ ആണ് രചന. ഞാനും അദേഹവും ഒന്നിച്ചിരുന്ന് ഒറ്റരാത്രികൊണ്ട് ചിട്ടപ്പെടുത്തിയതാണ് അതിലെ ഒൻപതു പാട്ടുകളും! എല്ലാം സൂപ്പർ ഹിറ്റുകളായി. ‘രാധതൻ പ്രേമത്തോടാണോ’, ‘ചന്ദനചർച്ചിത ’ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച കൃഷ്‍ണഭക്തിഗാനങ്ങൾ അടങ്ങിയ ആ കസെറ്റ് കളക്‌ഷൻ റെക്കോഡുകൾ ഭേദിച്ചു. അതിനു പിന്നിലും  ഒരു നിയോഗം ഉണ്ടായിരുന്നു എന്നു പിന്നീട് തോന്നി.

സ്വരരാഗ ഗംഗാപ്രവാഹമേ

കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്തറ മഠത്തിൽ സംഗീതം എന്നും ശ്രുതിമീട്ടിയിരുന്നു. ആറാം വയസ്സിലാണ് ജയവിജയന്മാർ സംഗീതമഭ്യസിക്കുന്നത്.  അച്ഛൻ ഗോപാലൻ തന്ത്രിയാണ് കുട്ടികളുടെ കലാവാസന നേരത്തെ തിരിച്ചറിഞ്ഞു പാട്ടു പഠിക്കാൻ ചേർത്തത്. രാമൻ ഭാഗവതർ ആയിരുന്നു ആദ്യ ഗുരു. പിന്നീട് മാവേലിക്കര രാധാകൃഷ്‍ണ അയ്യരുടെ കീഴിൽ കർണാടകസംഗീതം പഠിച്ചു തുടങ്ങി. കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു അരങ്ങേറ്റം. പത്തു വയസുള്ളപ്പോൾ.

തുടർന്ന്, തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ നിന്ന് ഗാനഭൂഷണം പാസ്സായി, അമ്പലങ്ങളിൽ ഒക്കെ കച്ചേരി ചെയ്‍തു തുടങ്ങി. ആയിടയ്ക്ക് പിതാവ് ഗോപാലൻ തന്ത്രിയെ മഹാരാജാവ് മുനിസിപ്പൽ ജഡ്‍ജിയായി നിയമിച്ചു. ഒരിക്കൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ നാട്ടകത്തെ കൊട്ടാരത്തിൽ എത്തിയപ്പോൾ ജയവിജയന്മാർ അച്ഛനോടൊപ്പം അദ്ദേഹത്തെ മുഖംകാണിക്കാൻ പോയി. ഇരട്ട സഹോദരങ്ങളെ കൊണ്ട് സ്വാതിതിരുനാൾ കീർത്തനങ്ങളും ക്ഷീരസാഗര കൃതിയും പാടിച്ച രാജാവ് തുടർപഠനത്തിനായി അവരെ തൃശ്ശിനാപ്പള്ളി ആലത്തൂർ ബ്രദേഴ്‍സിന്റെ സമീപം അയക്കണമെന്ന് അച്ഛനോട് നിർദ്ദേശിച്ചു. ഇതിനുള്ള സാമ്പത്തിക സഹായമായി 5000 രൂപയും നൽകി.

തൃശ്ശിനാപ്പള്ളിയിൽ നിന്നും തിരിച്ചെത്തി സർക്കാർ സ്‍കൂളിൽ സംഗീത അധ്യാപകരായി പ്രവേശിച്ചു. തുടർന്ന് ഒരേ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. കെഎസ്ഇബി ഉദ്യോഗസ്ഥയായ രാജമ്മ ആയിരുന്നു കെ ജി വിജയന്റെ വധു. അധ്യാപികയായ സരോജിനി, ജയനും ജീവിതസഖിയായി. (ഇരുവർക്കും രണ്ട് പുത്രന്മാർ. സിനിമാതാരം മനോജ് കെ ജയൻ, ബിജു കെ ജയൻ എന്നിവരാണ് ജയന്റെ മക്കൾ. മനു കെ. വിജയൻ മഞ്ജുനാഥ് വിജയൻ എന്നിവർ വിജയന്റെ മക്കളും. മഞ്ജുനാഥ് ഗായകനും സംഗീത സംവിധായകനുമാണ്).

ചെമ്പൈയുടെ ഇരട്ടശിഷ്യന്മാർ

ഡോ. എം ബാലമുരളികൃഷ്‍ണ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങിയ മഹാഗുരുക്കന്മാരിൽ നിന്നും ഗുരുകുല രീതിയിൽ സംഗീതം അഭ്യസിക്കാൻ അവസരം ലഭിക്കുന്നത് പിന്നീടാണ്. ആ മഹാഭാഗ്യത്തിന് പിന്നിലും ചില നിമിത്തങ്ങൾ ഉണ്ടെന്ന് കെ ജി ജയൻ പറയുന്നു. ഒരിക്കൽ വൈക്കം മഹാക്ഷേത്രത്തിൽ  ബാലമുരളീകൃഷ്‍ണയുടെ കച്ചേരി കേൾക്കാൻ പോയി. കച്ചേരിക്കിടെ മഴപെയ്‍തു. നനയാതിരിക്കാൻ സ്റ്റേജിലേക്ക് കയറിയ ഇരട്ടസഹോദരങ്ങളെ ബാലമുരളീകൃഷ്‍ണ കൗതുകപൂർവം നോക്കി, വിവരങ്ങൾ ആരാഞ്ഞു. പക്കമേളക്കാരനായ മാവേലിക്കര കൃഷ്‍ണൻകുട്ടി നായർ ഇരുവരെയും പരിചയപ്പെടുത്തി. പോക്കറ്റിൽ നിന്ന് വിസിറ്റിങ് കാർഡ് എടുത്ത് നീട്ടി ബാലമുരളീകൃഷ്‍ണ പറഞ്ഞു,  'എന്നോടൊപ്പം സംഗീതമഭ്യസിക്കണമെങ്കിൽ വിജയവാഡയിലേക്ക് വരാം'. – കേട്ടപാതി ജോലിയിൽ നിന്ന് ലീവുമെടുത്ത് സംഗീതോപാസകരായ ആ ഇരട്ടകൾ വിജയവാഡയ്ക്കു തിരിച്ചു. 'ആ മഴ പെയ്‍തത് യാദൃശ്ചികമോ'

ഓൾ ഇന്ത്യ റേഡിയോയിൽ സംഗീതവിഭാഗം മേധാവിയായിരുന്ന ബാലമുരളീകൃഷ്‍ണ മദ്രാസിലേക്ക് താമസം മാറ്റിയപ്പോൾ ജയവിജയന്മാരും കൂടെപോന്നു. അവിടെ വച്ചാണ് സംഗീത കുലപതിയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ശിഷ്യന്മാരാകുന്നതും.

അതും മറ്റൊരു നിയോഗം. സ്വാമിയുടെ മരുമകനാണ് അദ്ദേഹത്തോടൊപ്പം പാടിക്കൊണ്ടിരുന്നത്. ഒരിക്കൽ അദ്ദേഹത്തിനു വയ്യാതെ കിടപ്പിലായി. കൂടെപാടാൻ വേറെ ആരെങ്കിലുമുണ്ടോ എന്ന് ചെമ്പൈ സ്വാമി  മൃദംഗവിദ്വാനായ ടി വി ഗോപാലകൃഷ്‍ണനോട് തിരക്കി. അദ്ദേഹമാണ് ജയവിജയന്മാരുടെ കാര്യം പറയുന്നത്. തുടർന്ന് 18 വർഷത്തോളം ചെമ്പൈ എന്ന മഹാഗുരുവിന് കീഴിൽ സംഗീതം അഭ്യസിച്ചു.

സിനിമാസംഗീത വഴിയിൽ

ചലച്ചിത്ര സംഗീതത്തിലും ജയവിജയന്മാർ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിൽ 19 ചിത്രങ്ങൾക്കും തമിഴിൽ ഒരു ചിത്രത്തിനും ഈണം നൽകി.  ‘നിറകുടം’ എന്ന ചിത്രത്തിലെ  'നക്ഷത്രദീപങ്ങൾ തിളങ്ങി', ‘തെരുവു ഗീതം’ എന്ന ചിത്രത്തിലെ 'ഹൃദയം ദേവാലയം'  എന്നീ ഗാനങ്ങൾ സൂപ്പർഹിറ്റുകൾ. നിരവധി ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ഭക്തിഗാനങ്ങൾക്കും സംഗീതം നൽകി.

പിന്നീട്ട സംഗീതവഴികളിലെല്ലാം യാദൃശ്ചികതകളും നിമിത്തങ്ങളും ഉണ്ടായിരുന്നുവെന്ന് കെ ജി  ജയൻ ഓർക്കുന്നു. അനുജന്റെ വിയോഗം തീരാനഷ്ടമാണെങ്കിലും അവിടെയുമുണ്ടായി അയ്യപ്പ കടാക്ഷം. കെ ജി വിജയൻ എന്ന ഗാനോപാസകൻ അനശ്വരനാണ്, അയ്യപ്പ സംഗീതം ഉള്ളടത്തോളം  കാലം നിലനിൽക്കും ആ നാദ ശരീരം, പമ്പാപുളിനങ്ങളിലും ആസ്വാദകമനസ്സുകളിലും.

click me!