
സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) വിജയാഘോഷം ജഗതി ശ്രീകുമാറിന്‍റെ (Jagathy Sreekumar) വീട്ടില്‍. സംവിധായകന്‍ കെ മധു (K Madhu) അടക്കമുള്ളവരാണ് ജഗതിയുടെ തിരുവനന്തപുരം പേയാടിലെ വീട്ടിലെത്തിയത്. അദ്ദേഹത്തിനൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട കെ മധു ചിത്രത്തെക്കുറിച്ചും അതിലെ ജഗതിയുടെ സാന്നിധ്യത്തെക്കുറിച്ചും വാചാലനാവുകയും ചെയ്‍തു.
അഞ്ചാം ഭാഗം ആലോചിക്കുമ്പോള്‍ത്തന്നെ ജഗതിയുടെ വിക്രം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അമ്പിളിച്ചേട്ടനെ ആ സിനിമയില്‍ അഭിനയിപ്പിക്കുക എന്നത് ഞങ്ങളുടെയെല്ലാം കൂട്ടായ ആഗ്രഹവും ആയിരുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളിലും ആ കഥാപാത്രത്തിന് അദ്ദേഹം ചെയ്‍ത വ്യത്യസ്തമായ രീതികള്‍ ഉണ്ടായിരുന്നു. ഈ സിനിമയിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള വേഷമായിരിക്കണം എന്നും ആഗ്രഹമുണ്ടായിരുന്നു. മമ്മൂട്ടിക്കായിരുന്നു അതില്‍ ഏറ്റവും ആഗ്രഹം. ആ രംഗം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ കാണികള്‍ കൈയടിച്ച് ആസ്വദിക്കുമ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് മതിമറക്കുകയാണ്. ഞങ്ങളുടെ വിക്രം തിരിച്ചെത്തി. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മലയാള സിനിമയില്‍ ഇനി അദ്ദേഹം സജീവമായിരിക്കും, കെ മധു പറഞ്ഞു.
സിബിഐ സിരീസിന് ആറാം ഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അത് ഇനി ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സിബിഐ സിരീസിലെ ഓരോ ഭാഗങ്ങളും വിജയിച്ചപ്പോഴാണ് അടുത്ത ഭാഗങ്ങള്‍ വന്നത്. അഞ്ചാം ഭാഗം ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ്. അടുത്ത ഭാഗത്തെക്കുറിച്ച് ഇനി ആലോചിക്കാം, കെ മധു പറഞ്ഞു. സിനിമ കാണാന്‍ തിയറ്ററില്‍ ഒപ്പം എത്തണമെന്ന ആവശ്യത്തിന് ജഗതി സമ്മതം മൂളി.
മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.