'കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്, കാലം മാറും പഴയ സ്‍കൂള്‍ കാലം തിരിച്ചുപിടിക്കാനാകും'

By Web TeamFirst Published Jun 1, 2021, 8:28 AM IST
Highlights

കുട്ടിക്കാലത്തെ മനോഹരമായ സ്‍കൂള്‍ ദിനങ്ങളെ കുറിച്ച് കുറിപ്പുമായി സംവിധായകൻ കെ മധു.

സംസ്ഥാനത്ത് ഇന്ന് ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുകയാണ്. എന്നാല്‍ കൊവിഡ് കാലത്ത് സ്‍കൂൂളില്‍ പോയുള്ള അധ്യയനത്തിന് പകരം ഡിജിറ്റലിലേക്ക് മാറിയിരിക്കുകയാണ്. സ്‍കൂളില്‍ എത്താനാകാത്തതിന്റെ വിഷമവും കുട്ടികള്‍ക്ക് ഉണ്ട്. പഴയകാല സ്‍കൂള്‍ കാലത്തെ ഓര്‍ത്ത് കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കെ മധു.

കെ മധുവിന്റെ കുറിപ്പ്

മഴ കുതിർന്ന ഒരു അധ്യയനവർഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തുംമുമ്പേ സ്‍കൂളിലെത്താൻ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല. നല്ല മഴ നനഞ്ഞ് റോഡിൽ മഴ തീർക്കുന്ന ചെറു ചാലിൽ കാലുകൾ ഓടിച്ച് ജലകണങ്ങൾ തെന്നി തെറിപ്പിച്ച് സന്തോഷിച്ച ഒരു ബാല്യം. ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള കെകെകെവിഎം  സ്‍കൂളിൽ ആയിരുന്നു എല്‍പി സ്‍കൂൾ വിദ്യാഭ്യാസം, ക്ലാസ് മുറി പഠനത്തിന്റെ ആദ്യ നാളുകൾ. അച്ഛൻ വാങ്ങി തന്ന പുത്തൻ  കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള  ആ യാത്ര എത്ര  രസകരമായിരുന്നു.  ഇന്ന് പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു. 

കൂട്ടുകാരെയും അധ്യാപകരെയും  സ്‍ക്രീനുകൾക്കപ്പുറത്ത്  തൊടാതെ കാണാം. പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് കരുതൽ തന്നെയാണ് രക്ഷ. ആ കരുതൽ രീതിയുടെ പുത്തൻ ജീവിത വ്യത്യാസങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം,  ഒപ്പം നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്.  കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും. ഊർജ്ജസ്വലമായ ഭാവുകങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു.

click me!