അഞ്ച് രൂപ പ്രതിഫലത്തില്‍ വരെ നാടകാഭിനയം, സിനിമയില്‍ കുടുകുടെ ചിരിപ്പിച്ചും കെ ടി എസ് പടന്നയില്‍

By Web TeamFirst Published Jul 22, 2021, 9:10 AM IST
Highlights

എന്റെ മകൻ മകനാണ് ഇവൻ. ഇവന്റെ മകനാണ് അവൻ. അവന്റെ മകനാണ് ഇവൻ എന്ന ഒറ്റ ഡയലോഗ് മതി കെ ടി എസ് പടന്നയിലിനെ ഓര്‍ക്കാൻ.

മലയാളത്തിന്റെ ചിരിപ്പിക്കുന്ന കാരണവരായിരുന്നു കെ ടി എസ് പടന്നയില്‍. പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് ചിരിയില്‍ മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ചിരിയും  ആണ്. ഇന്ന് കെ ടി സുബ്രഹ്‍മണ്യൻ എന്ന  കെ ടി എസ് പടന്നയില്‍  യാത്രയാകുമ്പോള്‍ ആ ചിരികഥാപാത്രങ്ങള്‍ ബാക്കി.

എന്റെ മകൻ മകനാണ് ഇവൻ. ഇവന്റെ മകനാണ് അവൻ. അവന്റെ മകനാണ് ഇവൻ എന്ന ഒറ്റ ഡയലോഗ് മതി കെ ടി എസ് പടന്നയില്‍ മലയാളിക്ക് ഓര്‍മയില്‍ തെളിയാൻ. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയില്‍ കോമഡി പറഞ്ഞ ഒട്ടേറെ പേരുണ്ടെങ്കിലും ആ സിനിമയുടെ പര്യായമായി തന്നെ മാറി കെ ടി പടന്നയിലിന്റെ ചിരി. ആദ്യ സിനിമയായിരുന്നു കെ ടി എസ് പടന്നയിലിന് അനിയൻ ബാവ ചേട്ടൻ ബാവ. തുടര്‍ന്നങ്ങോട്ട് ശ്രീകൃഷ്‍ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.

നാടകത്തിലൂടെയാണ് കെ ടി എസ് പടന്നയില്‍ കലാലോകത്ത് എത്തിയത്. നാടകത്തട്ടിലും കോമഡി വേഷങ്ങളിലായിരുന്നു കെ ടി എസ് പടന്നയിലിന്. 67 വര്‍ഷം മുമ്പ് വിവാഹദല്ലാള്‍ എന്ന നാടകമായിരുന്നു തുടക്കം. തൃപ്പൂണിത്തുറ ഊട്ടുപര ഹാളിന്റെ  ചര്‍ക്ക ക്ലാസിലെ വാര്‍ഷികാഘോഷത്തിന് ആയിരുന്നു അത്.  തുടര്‍ന്നങ്ങോട്ട് നാടകങ്ങളുടെ കാലം.

അഞ്ച് രൂപ പ്രതിഫലത്തില്‍ അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കെ ടി എസ് പടന്നയില്‍. വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങള്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങിയ സമിതികളിലായി അമ്പതു കൊല്ലത്തോളം പ്രൊഫഷണല്‍ നാടകജീവിതം. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതിന് ശേഷവും ചിത്രീകരണമില്ലാത്തപ്പോള്‍ കെ ടി എസ് പടന്നയുടെ താവളം സ്വന്തം  കടയായിരുന്നു. തൃപ്പൂണിത്തുറയിലെ കണ്ണൻകുളങ്ങരയിലെ ചെറിയ സ്റ്റേഷണറി കടയില്‍  എല്ലാവരോടും ചിരിച്ചും സംസാരിച്ചും കഴിയുകയായിരുന്നു കെ ടി എസ് പടന്ന.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!