നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിന് വിട

By Web TeamFirst Published Jul 22, 2021, 8:33 AM IST
Highlights

ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്. 

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. സംസ്കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. പടന്നയിൽ തായി സുബ്രഹ്മണ്യനെന്ന പേര് മാറ്റിയാണ് കെടിഎസ് പടന്നയിലെന്നാക്കിയത്. നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്.

വൈകിയാണ് സിനിമയിലെത്തിയതെങ്കിലും, അഭിനയിച്ച നൂറിലേറെ സിനിമകളിലെ നിറഞ്ഞ, പല്ലില്ലാത്ത ചിരിയും ഒറ്റവരി ഡയലോഗുകളും മലയാളികൾ മറക്കില്ല. വീട്ടിലെ ദുരിത സാഹചര്യത്തിൽ 12 ാം വയസിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങിയ കെടിഎസ് അതിനൊപ്പം കലയേയും കൈവിടാതെ പിടിച്ചു.  വിവാഹദല്ലാൾ എന്ന നാടകത്തിലാണ് ആദ്യമായെത്തുന്നത്. കേരളത്തിലെ പ്രമുഖ നാടകഗ്രൂപ്പുകളിലെല്ലാം പ്രവർത്തിച്ചിരുന്ന കെടിഎസിനെ തേടി അഭിനയത്തിനുള്ള സംസ്ഥാന അവാർഡുമെത്തി. നാടകത്തിൽ സജീവമായ കാലത്താണ് നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയിൽ പെട്ടിക്കട തുടങ്ങിയത്. കല കൊണ്ട് പട്ടിണി മാറില്ലെന്ന് കണ്ടറിഞ്ഞ താരം എൺപതാം വയസ്സിലും തന്‍റെ കടയിലെ സാധാരണക്കാരനായ കച്ചവടക്കാരനായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!