
മലയാളസിനിമയില്‍ പകര്‍പ്പവകാശ ലംഘനാരോപണങ്ങള്‍ ആദ്യമല്ല. പക്ഷേ ഒരു സൂപ്പര്‍താര ചിത്രം മറ്റൊരു സൂപ്പര്‍താരചിത്രവുമായി സാമ്യം ആരോപിക്കപ്പെട്ട് കോടതി കയറുന്നത് ആദ്യമായാവും. മാത്യൂസ് തോമസ് എന്ന നവാഗത സംവിധായകന്‍ സുരേഷ് ഗോപിയെ നായകനാക്കി അനൗണ്‍സ് ചെയ്‍തിരിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് പകര്‍പ്പവകാശം ലംഘിച്ചതായി ആരോപിക്കപ്പെട്ട് കോടതിയില്‍ എത്തിയിരിക്കുന്നത്. കേസ് നല്‍കിയിരിക്കുന്നത് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ചിരുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമും. കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദീകരിക്കുകയാണ് ജിനു എബ്രഹാം. ഇത് വ്യക്തിപരമായ ശത്രുതയുടെയോ വാശിയുടെയോ കാര്യമല്ലെന്നും ഒരു എഴുത്തുകാരന്‍റെ വിശ്വാസ്യതയുടെ പ്രശ്‍നമാണെന്നും ജിനു പറയുന്നു.
മാത്യൂസ് തോമസുമായുള്ള പരിചയം
മാത്യൂസ് തോമസ് എനിക്കൊപ്പം വര്‍ക്ക് ചെയ്‍തിട്ടുള്ള ആളാണ്. പുള്ളിക്ക് കടുവയുടെ തിരക്കഥയും അറിയാം. എന്‍റെ എല്ലാ കഥകളും അറിയാം. മാസ്റ്റേഴ്‍സ് എന്ന സിനിമയുടെ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ലണ്ടന്‍ ബ്രിഡ്‍ജിലാണ് സഹസംവിധായകന്‍ ആവുന്നത്. ആദം ജോണ്‍ വന്നപ്പോള്‍ എന്‍റെ സഹസംവിധായകന്‍ ആയി. അതാണ് പുള്ളിയും ഞാനും തമ്മിലുള്ള ബന്ധം. ഈ കഥ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളതാണ്. പുള്ളിക്ക് ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് യാഥാര്‍ഥ്യമാക്കാന്‍ പുള്ളിയെക്കൊണ്ടു പറ്റിയില്ല. രണ്ട് വര്‍ഷത്തോളം അങ്ങനെ പോയതാണ്. ഇപ്പോള്‍ ഈ പ്രോജക്ടുകള്‍ തമ്മില്‍ സാമ്യം തോന്നുമ്പോള്‍ അതൊക്കെ കാരണങ്ങളായി മനസിലുണ്ട്.
ബോണറ്റിനു മുകളിലിരിക്കുന്ന 'കുറുവച്ചന്‍', എസ്ഐയുടെ പേര്
അവരുടെ മോഷന്‍ പോസ്റ്റര്‍ വന്നപ്പോള്‍, കഥാപാത്രത്തിന്‍റെ പേരിലും മറ്റു കാര്യങ്ങളിലുമൊക്കെ സാമ്യം തോന്നിയപ്പോഴാണ് സംശയമായത്. നായകന്‍റെ പേര്, ജീപ്പിനു പുറത്തിരിക്കുന്ന ലുക്ക്, പിന്നെ അവരുടെ മോഷന്‍ പോസ്റ്ററില്‍ ഒരു എസ്ഐ കഥാപാത്രത്തിന്‍റെ പേര് പറയുന്നുണ്ട്- ഡൊമിനിക് പോള്‍ എന്ന്. എന്‍റെ തിരക്കഥയില്‍ ഡൊമിനിക് ബെഞ്ചമിന്‍ എന്നാണ് എസ്ഐ കഥാപാത്രത്തിന്‍റെ പേര്. അതൊക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ആ തിരക്കഥ സഹിതമാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എനിക്ക് ഒരുപാട് മെസേജുകള്‍ വന്നിരുന്നു. അവരുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ സാമ്യത ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ളവ. പ്രകടമായ, വളരെ പ്രത്യക്ഷമായ സാദൃശ്യം തോന്നിയപ്പോള്‍ കോടതിയിലേക്കു പോവുകയായിരുന്നു.
30 കോടിയുടെ വിലയുള്ള വിശ്വാസം
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് അനൗണ്‍സ് ചെയ്‍ത സിനിമയാണല്ലോ കടുവ. പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിവസമായിരുന്നു ഞങ്ങളുടെ അനൗണ്‍സ്‍മെന്‍റ്. വലിയ മുതല്‍മുടക്കില്‍ വരുന്ന ഒരു സിനിമയാണ് കടുവ. എന്നെ വിശ്വസിച്ചാണ് അതിന്‍റെ സംവിധായകനും നിര്‍മ്മാതാക്കളും നില്‍ക്കുന്നത്. 25-30 കോടി രൂപ നിര്‍മ്മാതാക്കള്‍ ഇറക്കാന്‍ പോകുന്നതും ആ വിശ്വാസത്തിലാണ്. എന്‍റെ തിരക്കഥയിലുള്ള വിശ്വാസത്തില്‍. അപ്പോള്‍ അത് വേറൊരു സിനിമയില്‍ വരുന്നുണ്ട്, വന്നുപോയി എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ഒരു അപകടമുണ്ടല്ലോ. അത് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ ആയിപ്പോവും. അതുകൊണ്ടുതന്നെയാണ് ഇക്കാര്യം വേറെങ്ങും പറയാതെ നേരിട്ട് കോടതിയെ സമീപിച്ചത്. എന്നെ സംബന്ധിച്ച് ഇത്രയുമേ ഉള്ളൂ- എന്‍റെ തിരക്കഥയുടെ മൗലികത എന്‍റെ നിര്‍മ്മാതാക്കളുടെയും സംവിധായകന്‍റെയും മുന്നില്‍ ഉറപ്പുവരുത്തുക. അതെന്‍റെ ബാധ്യതയും കടമയുമാണ്.
സാമ്യതയില്ലെങ്കില്‍ ആ സിനിമയും നടക്കണം
കടുവയുമായി സാമ്യതയില്ല എന്നുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ല. സാമ്യതകളൊന്നുമില്ലാത്ത തിരക്കഥയാവട്ടെ അവരുടേത് എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. വ്യക്തിപരമായ ശത്രുതയുടെയോ വാശിയുടെയോ ഒന്നും കാര്യമല്ല ഇത്. മറിച്ച് എഴുത്തുകാരന്‍റെ നോവല്‍റ്റിയുടെ പ്രശ്നം മാത്രമാണ്. മാത്യൂസ് എന്‍റെയൊപ്പം വര്‍ക്ക് ചെയ്‍തിരുന്നതുകൊണ്ടും അദ്ദേഹത്തിന് ഇത് അറിയാവുന്നതുകൊണ്ടും ഒക്കെയാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത്. കടുവയുമായി ഒരു സാമ്യവുമില്ല എന്ന് വരുത്താന്‍ കഴിഞ്ഞാല്‍ അവരുടെ സിനിമ എന്തായാലും നടക്കും. സാമ്യതില്ലെങ്കില്‍ ആ സിനിമ നടക്കണം. അങ്ങനെയെങ്കില്‍ ആ സിനിമ നന്നായി പോവുകയും ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാന്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ