'വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു'; വ്യക്തിഹത്യയില്‍ കൈലാഷിന്‍റെ പ്രതികരണം

By Web TeamFirst Published Apr 14, 2021, 4:38 PM IST
Highlights

"നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്‍റെ പരിശ്രമം"

മിഷന്‍ സി എന്ന ചിത്രത്തില്‍ കൈലാഷ് അവതരിപ്പിക്കുന്ന 'ക്യാപ്റ്റന്‍ അഭിനവ്' എന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. എന്നാല്‍ പോസ്റ്റര്‍ പുറത്തെത്തി ഏതാനും മണിക്കൂറുകള്‍ക്കകം ഈ പോസ്റ്ററിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ധാരാളമായി പ്രചരിക്കാന്‍ തുടങ്ങി. സിനിമാഗ്രൂപ്പുകളിലെ കമന്‍റ് ബോക്സുകളിലും കൈലാഷ് എന്ന നടനെ പരിഹരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഇത് രൂപപ്പെട്ടു. ചിത്രത്തിന്‍റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. പിന്നീട് കൈലാഷിനെ അനുകൂലിച്ചുകൊണ്ടും ക്യാംപെയ്‍ന്‍ നടന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്‍റെ ഭാഗം അറിയിച്ചുകൊണ്ട് കൈലാഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കൈലാഷിന്‍റെ വാക്കുകള്‍

"അടുത്ത സിനിമയിലെ കഥാപാത്രം ആവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, 'മിഷൻ - സി' എന്ന ചിത്രത്തിലെ എന്‍റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു. സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി.. നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്‍റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. 

പക്ഷേ, മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ. 'മഞ്ഞ'യ്ക്കുമുണ്ട് വിവിധാർത്ഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്‍കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം. ഏവർക്കും  വിഷു ദിനാശംസകൾ! ഒപ്പം പുണ്യ റംസാൻ ആശംസകളും."

റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണു നായകന്‍. എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ മറിയത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. റംസാന്‍ റിലീസ് ആയി അടുത്ത മാസം തിയറ്ററുകളിലെത്തും.

click me!