
കലാഭവൻ നവാസ് സമീപ കാലങ്ങളിൽ തന്നോട് പറഞ്ഞ കാര്യങ്ങൾ പങ്കുവച്ച് കലാഭവൻ ദിലീപ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഷോ യുകെയിൽ നടക്കാനിരിക്കെയാണ് വിയോഗമെന്നും മാട്ടുപെട്ടി മച്ചാന് ശേഷം ലഭിക്കുന്ന വലിയൊരു സിനിമയാണ് നിലവിൽ ചെയ്യുന്നതെന്നും നവാസ് പറഞ്ഞതായി കലാഭവൻ ദിലീപ് പറയുന്നു. സിനിമയുടെ തിരക്കിൽ വേറൊരു ലോകത്തായിരിക്കുമെന്ന് നവാസ് പറഞ്ഞുവെന്നും ആ വാക്കുകൾ അറംപറ്റിയ പോലെ ആയെന്നും ദിലീപ് പറയുന്നുണ്ട്. ഒരു കുറ്റന്വേഷണ സിനിമയുടെ സ്ക്രിപ്റ്റ് നവാസ് എഴുതുന്നുണ്ടായിരുന്നുവെന്നും കലാഭവൻ ദലീപ് പറഞ്ഞു.
'അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഷോ യുകെയില്‍ നടക്കാനിരിക്കയായിരുന്നു. ഞാനാണ് ഷോ ഡയറക്ടര്‍. വിസ അടക്കം എല്ലാം ശരിയാക്കി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായും ദിവസങ്ങളായും സംസാരിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് നവാസിക്ക. 'മാട്ടു പെട്ടി മച്ചാന് ശേഷം കിട്ടുന്ന ഏറ്റവും വലിയ സിനിമയാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരിക്കുമെടാ എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാനിനി തിരക്കായിരിക്കും. വിളിച്ചാല്‍ പോലും കിട്ടില്ല. വേറൊരു ലോകത്തേക്കാണ്', എന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയെ കുറിച്ചാണ് പറഞ്ഞതെങ്കിലും ആ വാക്കുകള്‍ അറംപറ്റി പോയി. നമ്മളോട് ദിവസവും സംസാരിച്ച് കൊണ്ടിരിക്കുന്നൊരു വ്യക്തി, വൈകുന്നേരം വന്ന് ടിവി കാണുമ്പോള്‍ മരിച്ചു പോയെന്നാണ് അറിയുന്നത്. എങ്ങനെ ഇത് ഉള്‍ക്കൊള്ളും എന്നെനിക്ക് അറിയില്ല. കലാഭവന്‍ ദിലീപ് എന്ന പേര് എനിക്ക് നേടി തന്ന വ്യക്തിയാണ് അദ്ദേഹം', എന്നും ദിലീപ് പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു കലാഭവൻ ദിലീപിന്റെ വാക്കുകൾ.
'മിമിക്രിക്കാരാണ്, സിനിമാക്കാരാണ് അവസരങ്ങള്‍ ഒരുപാട് ഉണ്ടാകും. നല്ലൊരു ജീവിതം ഉണ്ടാകും. പക്ഷേ നമ്മള്‍ നമ്മുടെ ശരീരത്തെ സ്നേഹിച്ചാല്‍ ശരീരവും നമ്മളെ സ്നേഹിക്കും. ആ ശരീരത്തെ സ്നേഹക്കുന്ന സിനിമയുണ്ടാകും. ആ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുണ്ടാകും. അതാണ് നമ്മുടെ ജീവിതം', എന്നൊക്കെ കുറേ കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. 'ജീവിതത്തില്‍ റെഡ് മീറ്റ് എന്ന സംഭവം ഒഴിവാക്കി മീന്‍, പച്ചക്കറി, മുട്ട എന്നിവയിലേക്ക് മാറണം. ഒരു അഞ്ച് വര്‍ഷം കൂടെ നമുക്ക് ജീവിക്കാന്‍ പറ്റു'മെന്ന് പറഞ്ഞിരുന്നു. യുകെയിലേക്ക് വരാന്‍ എയര്‍ ഇന്ത്യ വേണ്ട. എനിക്ക് നല്ല രീതിയില്‍ ജീവിക്കണം. പേടിച്ച് വിറച്ചൊരു പരിപാടിക്ക് വരാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. വേറെ നല്ലൊരു ഫ്ലൈറ്റ് എടുത്താന്‍ മതി എന്നൊക്കെ പറഞ്ഞു. ജീവിതത്തെ കുറിച്ച് നല്ല ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന വ്യക്തിയാണ് നവാസിക്ക. എഴുതി വച്ചിരുന്ന പുതിയ സ്ക്രിപ്റ്റിനെ കുറിച്ച് സംസാരിച്ചു. കുറ്റന്വേഷണ കഥയാണത്. പൊലീസ് സ്റ്റോറിയാണ് എന്നൊക്കെ പറഞ്ഞു. ആ അദ്ദേഹമാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. മരിച്ച് കഴിഞ്ഞ് ഒരു കലാകാരനെ കുറിച്ച് ഒരുപാട് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ഏറ്റവും നല്ല അവസരങ്ങളും വേദികളും കൊടുക്കണം', എന്നും ദിലീപ് കൂട്ടിച്ചേർത്തു.