
സോഷ്യല്‍ മീഡിയയില്‍ സമീപദിവസങ്ങളില്‍ വൈറല്‍ ആയ ഒരു നൃത്ത വീഡിയോ ഉണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീയുടെ ഗംഭീര നൃത്തമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ തരംഗമായത്. ഒരു നൃത്ത വേദിയില്‍ നന്നായി നൃത്തം ചെയ്യുന്ന ഏതോ ഒരു മുത്തശ്ശി എന്ന നിലയിലാണ് ജെന്‍സി തലമുറയില്‍ പലരും ഈ വീഡിയോ കണ്ടത്. എന്നാല്‍ പിന്നാലെ ഇത് ശരിക്കും ആരാണെന്ന് അറിഞ്ഞതോടെ അത് അമ്പരപ്പിന് വഴിമാറി. മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥിയും ബോളിവുഡ് നടിയുമായിരുന്ന കല്‍പന അയ്യരാണ് ഒരു നൃത്ത വീഡിയോയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
റംബ ഹോ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വീഡിയോയില്‍ കല്‍പന അയ്യര്‍ ചുവട് വെക്കുന്നത്. ബോളിവുഡ് ഗാനരംഗങ്ങളില്‍ ഡിസ്കോ വലിയ സ്വാധീനം ചെലുത്തിയിരുന്ന കാലത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണ് ഇത്. ആനന്ദ് സാഗറിന്‍റെ സംവിധാനത്തില്‍ 1981 ല്‍ പുറത്തെത്തിയ അര്‍മാന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്. പഴയ തലമുറ ബോളിവുഡ് സിനിമാപ്രേമികളെ സംബന്ധിച്ച് വലിയ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഗാനങ്ങളില്‍ ഒന്ന്. ഉഷ ഉതുപ്പ് ആയിരുന്നു ആലാപനം. വൈറല്‍ ആയ പുതിയ വീഡിയോയില്‍ നൃത്തം ചെയ്ത മുത്തശ്ശി തന്നെയാണ് സിനിമയിലെ ഒറിജിനല്‍ രംഗത്തിലും ചുവട് വച്ചത് എന്ന അറിവാണ് പുതുതലമുറ സിനിമാപ്രേമികളെ ഞെട്ടിച്ചത്. ഒരു സുഹൃത്തിന്‍റെ മകന്‍റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കല്‍പന അയ്യര്‍. അവിടെയാണ് റംബ ഹോ പ്ലേ ചെയ്തതും കല്‍പന അയ്യര്‍ നൃത്തം ചെയ്തതും. ഈ ഗാനം പ്ലേ ചെയ്യാനും ഒരു കാരണമുണ്ട്. അടുത്തിടെ വന്‍ വിജയം നേടിയ ബോളിവുഡ് ചിത്രം ധുരന്ദറില്‍ ഈ ഗാനം പുനരുപയോഗിച്ചിരുന്നു.
1978 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു കല്‍പന അയ്യര്‍. അതേ വര്‍ഷത്തെ മിസ് വേള്‍ഡ് മത്സരത്തിലും പങ്കെടുത്തിരുന്നു അവര്‍. അതില്‍ സെമി ഫൈനലിലും എത്തിയിരുന്നു. എണ്‍പതുകളില്‍ നൃത്ത രംഗങ്ങള്‍ക്കായി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കല്‍പന അയ്യര്‍ ചില ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 1999 ന് ശേഷം അവര്‍ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. ബോളിവുഡിലെ സര്‍ക്കിളുകളില്‍ ഒന്നും പെടാതിരുന്ന താന്‍ സിനിമാജീവിതം അവസാനിപ്പിച്ച് ദുബൈയിലേക്ക് പോവുകയായിരുന്നെന്ന് കല്‍പന അയ്യര്‍ പറയുന്നു. അതേസമയം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്താനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. നിലവില്‍ 69 വയസുണ്ട് കല്‍പനയ്ക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ