'അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് ഞെട്ടിച്ചു, പക്ഷേ ഒരു കാര്യത്തില്‍ ഞാനവരെ അഭിനന്ദിക്കുന്നു': കല്യാണി പ്രിയദര്‍ശന്‍

By Web TeamFirst Published Dec 19, 2019, 6:17 PM IST
Highlights

പ്രിയദര്‍ശന്‍റെയും ലിസിയുടെയും വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് മകള്‍ കല്യാണി പ്രിയദര്‍ശന്‍. 

മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹമോചിതരാകുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം ഉള്‍ക്കൊണ്ടത്. ഇരുപത്തിയാറു വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2016ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് ഷോക്ക് ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സന്തോഷത്തിലാണെന്നും വെളിപ്പെടുത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍. 'ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി. 

'ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്‍റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. നിരവധി വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയിരുന്നെങ്കിലും അതൊന്നും ഗൃഹാന്തരീക്ഷത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തീര്‍ച്ചയായും ആ വേര്‍പിരിയല്‍ ഒരു ഷോക്ക് തന്നെയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമാണ്. ഇപ്പോഴാണ് ഞാനെന്‍റെ മാതാപിതാക്കളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നാണ് തോന്നുന്നത്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യവും'- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. 

സിനിമാ കുടുംബത്തിലാണ് ജനിച്ചത്. ബാല്യകാലം ചെലവഴിച്ചത് മുഴുവന്‍ സിനിമാ ലൊക്കേഷനുകളിലായിരുന്നു. അതുകൊണ്ടാണ്  അവസാനം അഭിനയത്തിലേക്ക് തന്നെയെത്തിയത്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് സിനിമയില്‍ ഒരു മാറ്റം ശ്രദ്ധയില്‍പ്പെട്ടെന്നും നസ്രിയ നസീം സിനിമയിലേക്ക് എത്തിയപ്പോഴാണ് തന്നെയും ആളുകള്‍ സ്വീകരിക്കും എന്ന് വിശ്വാസമായതെന്നും കല്യാണി പറഞ്ഞു.

നല്ല സിനിമകളുടെ ഭാഗമാകണമെന്നതാണ് അച്ഛന്‍റെ ഉപദേശം. സംവിധായകര്‍ സമീപിക്കുമ്പോള്‍ കഥ മുഴുവന്‍ കേള്‍ക്കാറുണ്ട്. ഒരു പ്രാധാന്യവുമില്ലാത്ത കഥാപാത്രമായി സിനിമയില്‍ 20 മിനിറ്റ് അഭിനയിക്കുന്നതിലും നല്ലത് രണ്ട് മിനിറ്റുള്ള നല്ല വേഷം ചെയ്യുന്നതാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ച കല്യാണിയുടെ ആദ്യ മലയാളചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആണ്. 


 

click me!