
കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൈത്താങ്ങുമായി കമല്‍ ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയത്.
മറ്റ് താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷം, മാര്‍ക്കോ എന്ന സിനിമയുടെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് 10 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമറ്റത്തെ നടുക്കുന്ന കാഴ്ചകളാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത്. രാത്രി 12.45 ന് ആദ്യ ഉരുൾപൊട്ടി ഇറങ്ങിയ ഈ സ്ഥലത്ത് മലവെള്ളം ഒരു നാടിനെ കിലോ മീറ്ററുകൾ ദൂരത്തിൽ രണ്ടായി പിളർത്തിയ ദുരന്ത ദൃശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. 240 പേരെ ഇപ്പോഴും കാണാനില്ല. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെ ഉള്ളിലും മണ്ണിന് അടിയിലുമായി ഇവർ അകപ്പെട്ടിരിക്കാം എന്ന സംശയത്തിൽ തെരച്ചിൽ തുടരുകയാണ്. വലിയ യന്ത്രങ്ങൾ എത്തിച്ചാൽ മാത്രമേ പൂർണതോതിൽ തെരച്ചിൽ സാധ്യമാകൂ. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവർത്തകർക്ക് എത്താൻ ആവാത്തതിനാൽ മരണസംഖ്യ ഏറെ ഉയർന്നേക്കും.
ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍