
അന്തരിച്ച അതുല്യ കലാകാരൻ നെടുമുടി വേണുവിനെ ഓർത്ത് നടൻ കമൽഹാസൻ. ഇന്ത്യൻ 2വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രിയ സുഹൃത്തിനെയും സഹപ്രവർത്തകനെയും കുറിച്ച് കമൽഹാസൻ വാചാലനായത്. നെടമുടി വേണുവിനെ ഒത്തിരി മിസ് ചെയ്യുന്നുവെന്നും ഇന്ത്യൻ 2വിന്റെ വിജയാഘോഷത്തിൽ കാണാമെന്ന് പറഞ്ഞിരുന്നുവെന്നും കമൽ ഓർത്തെടുത്തു.
"നെടുമുടി വേണുവിനെ ഞാൻ വളരെ അധികം മിസ് ചെയ്യുന്നുണ്ട്. സിനിമയുടെ വിജയം ആഘോഷിക്കുമ്പോൾ കാണാം എന്ന് ഒരിക്കൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. പക്ഷേ.. എന്റെ മനസിൽ അദ്ദേഹം ഇവിടെ ഉണ്ട് എന്നാണ്. ഡബ് ചെയ്യുന്ന വേളയിൽ അദ്ദേഹം ഉണ്ട് പക്ഷേ അദ്ദേഹം ഇല്ല. അപ്പോഴെനിക്ക് ഉണ്ടായൊരു ഇമോഷൻ നിങ്ങൾക്കും ഉണ്ടാവും. ഈ പടത്തിന്റെ പേരിൽ പറയുന്നത് അല്ല. മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ നെടുമുടി വേണു ആണ്. ഇന്ത്യന്റെ ആദ്യഭാഗം മുതലെ ഞാൻ പറയുന്നൊരു കാര്യമാണ് അത്. നെടുമുടി വേണു സ്റ്റാർ മെറ്റീരിയൽ ആയിരുന്നു. ക്യാരക്ടർ മെറ്റീരയൽ ആണ്. ഞങ്ങളൊക്കെ ചെയ്യുന്നതിനെക്കാൾ ഒരല്പം എങ്കിലും കൂടുതൽ ചെയ്യുന്ന ആളാണ് അദ്ദേഹം", എന്നാണ് കമൽഹാസൻ പറഞ്ഞത്.
കേരളവുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും കമൽഹാസൻ സംസാരിച്ചു. എന്റെ പേരിന്റെ താഴെ 'മെയ്ഡ് ഇന്‍ കേരള' എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്നും ഇന്ന് കാണുന്ന ഞാനായതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഒരുപാട് സുഹൃത്തുക്കളും മെന്റേഴ്‌സുമുണ്ടെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യന്‍ 2 നാളെ തിയറ്ററുകളില്‍ എത്തും. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ