
കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'വിക്രമാ'ണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നതാണ് പുതിയ വാര്‍ത്ത (Vikram).
വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സൂര്യയും കമല്‍ഹാസൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.
Read More : 'ലാൽ സിംഗ് ഛദ്ദ' എന്തുകൊണ്ട് ചർച്ചകളിൽ?, കയ്യടിച്ചും ട്രോളിയും സൈബർലോകം
2022ൽ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ആമിർ ഖാൻ സിനിമ. മറ്റേതൊരു ആമിർ ചിത്രത്തെയും പോലെ 'ലാൽ സിംഗ് ഛദ്ദ'യും ഷൂട്ടിംഗ് തുടങ്ങിയ നാൾ മുതൽ വാർത്തകളിലുണ്ട്. ആകാംക്ഷക്ക് വിരാമമിട്ട് ഞായറാഴ്‍ച ഐപിഎൽ ഫൈനലിന്റെ ആവേശത്തിനിടെ ആയിരുന്നു ട്രെയിലറെത്തിയത്. പിന്നാലെ സിനിമാസ്വാദകർ രണ്ട് തട്ടിലായി. വരാനിരിക്കുന്ന വിസ്‍മയമെന്ന് പറഞ്ഞ് ട്രെയിലറിനും ആമിറിനും ഒരു വിഭാഗം കയ്യടിക്കുമ്പോൾ സൂപ്പർതാരത്തെ കടന്നാക്രമിക്കുകയാണ് കൂടുതൽപേരും (Lal Singh Chaddha).
1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിനെ നായകനാക്കി റോബർട്ട് സിമേക്കിസ് സംവിധാനം ചെയ്‍ത ചിത്രത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആരാധകർ ഏറെ. ഒറിജിനൽ റീമേക്കിനോടും ഹാങ്ക്സിനോടും താരതമ്യപ്പെടുത്തിയാണ് ആമിറിനെ ട്രോളുന്നത്. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന 'ഫോറസ്റ്റ് ഗമ്പി'ന്റെ ജീവിതയാത്ര ആണ് സിനിമ പറയുന്നത്. സിനിമയിൽ കണ്ട ഹാങ്ക്സിന്റെ ശരീരഭാഷയുമായി ആമിറിനെ താരതമ്യം ചെയ്യാൻ പോലും കഴിയുന്നില്ലെന്ന് ഒരു പക്ഷം. 'ധൂം 3'യിലും 'പികെ'യിലും '3 ഇഡിയറ്റ്സി'ലും കണ്ട ഭാവപ്രകടനങ്ങൾ പുതിയ ചിത്രത്തിലും അതേപടി പകർത്തിയെന്ന് മറ്റൊരു കൂട്ടർ.കഥാപാത്രത്തിന്റെ സന്പൂർണതയ്ക്കായി ഹാങ്ക്സ് കാണിച്ച കയ്യടക്കം , മറ്റൊരാൾക്കും അനുകരിക്കാൻ ആകില്ലെന്ന് പറയുന്നു 'ഫോറസ് ഗമ്പ്' ആരാധകരിൽ ഏറെയും. 'ലാൽ സിംഗ് ഛദ്ദ'യെ ഒഴിവാക്കി ആമസോൺ പ്രൈം വഴി 'ഫോറസ്റ്റ് ഗമ്പ്' കാണാൻ ശുപാർശ ചെയ്യുന്നവരും ഉണ്ട്.
എന്നാല്‍ സിനിമ ഇറങ്ങും മുൻപുള്ള അത്തരം വിലയിരുത്തലുകൾക്ക് അടിസ്ഥാനമില്ലെന്നാണ് നിഷ്‍പക്ഷരായ ആസ്വാദകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹാങ്ക്സുമായുള്ള താരതമ്യത്തിലും തീരുന്നില്ല വിമർശനങ്ങൾ. ആമിറിന്റെ പഴയ വിവാദപരാമർശങ്ങൾ, സ്വജനപക്ഷപാതം, ദേശസ്നേഹം എന്നിവയെല്ലാം കുത്തിപ്പൊക്കി ആക്രമണം കടുക്കുകയാണ്. ഇന്ത്യയിൽ അസഹിഷ്‍ണുത വളരുന്നു എന്ന ആമിറിന്റെ പ്രസ്‍താവന വരെ പൊടിത്തട്ടിയെടുത്തിട്ടുണ്ട്. സിനിമയിലെ നായിക കരീന കപൂറിനെയും വെറുതെ വിടുന്നില്ല. സുശാന്ത് സിംഗ് രജ്‍പുതിനെ നടി പണ്ട് പരിഹസിച്ച കഥ ചിലർ ആയുധമാക്കുന്നു. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിംഗ് ഛദ്ദ എന്ന ആഹ്വാനവുമായി ട്വിറ്ററിൽ ഹാഷ് ടാഗ് പ്രചാരണവും ശക്തമായിട്ടുണ്ട്.
'സത്യമേവ ജയതേ' എന്ന റിയാലിറ്റി ഷോയിൽ ഒരിക്കൽ ആമിർ ഖാൻ പറഞ്ഞിരുന്നു, നിങ്ങൾ വിഗ്രഹത്തിൽ ഒഴുക്കികളയുന്ന പാലുണ്ടെങ്കിൽ പാവപ്പെട്ട കുട്ടികളുടെ വയറുനിറയ്ക്കാമെന്ന്. അങ്ങനെ എങ്കിൽ 'ലാൽ സിംഗ് ഛദ്ദ'യുടെ ടിക്കറ്റിനായി 200 രൂപ പാഴാക്കി കളയരുതെന്നും, ആ പണം അനാഥ കുട്ടികളുടെ വിശപ്പകറ്റാൻ നൽകണമെന്നും ഒരു കൂട്ടർ ആഹ്വാനം ചെയ്യുന്നു. വിമർശകർക്കുള്ള മറുപടി സിനിമ പുറത്തിറങ്ങുമ്പോൾ കിട്ടുമെന്നാണ് ആമിർ ആരാധകരുടെ പക്ഷം. മിസ്റ്റർ പെർഫെക്ഷനിസ്റ്റിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വേഷമാകും 'ഛദ്ദ'യെന്ന് അണിയറ പ്രവർത്തകരും ഉറപ്പുനൽകുന്നു.
അതുൽ കുൽക്കർണിയുടെ തിരക്കഥയിൽ അദ്വൈത് ചന്ദൻ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 11നാണ് തീരുമാനിച്ചിരിക്കുന്നത്. ട്രെയിലർ ഒരു ദിവസം കൊണ്ട് തന്നെ മൂന്ന് കോടിക്ക് മേൽ കാഴ്‍ചക്കാരെ യൂട്യൂബിൽ നേടിക്കഴിഞ്ഞു. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിലറിൽ കേരളത്തിന്റെ സ്വന്തം ജടായുപാറയും ഇടം നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ