കങ്കണയുടെ 'തലൈവി' ഇനി ആമസോണ്‍ പ്രൈമിലും; മലയാളത്തിലും സ്ട്രീമിംഗ്

Published : Oct 09, 2021, 11:48 PM IST
കങ്കണയുടെ 'തലൈവി' ഇനി ആമസോണ്‍ പ്രൈമിലും; മലയാളത്തിലും സ്ട്രീമിംഗ്

Synopsis

എ എല്‍ വിജയ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് (Kangana Ranaut) എത്തിയ 'തലൈവി' (Thalaivii) നാളെ മുതല്‍ ആമസോണ്‍ പ്രൈമിലും (Amazon Prime). സെപ്റ്റംബര്‍ 25ന് നെറ്റ്ഫ്ളിക്സിലും (Netflix) ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഭാഷാപതിപ്പുകള്‍ പ്രൈമിലാണ് ഉള്ളത്. തമിഴിനൊപ്പം തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളും ആമസോണ്‍ പ്രൈമില്‍ കാണാം. സെപ്റ്റംബര്‍ 10നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 

എ എല്‍ വിജയ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു. തിയറ്ററുകളിലെത്തി ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചിരുന്നില്ല. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.

കളക്ഷനില്‍ കനത്ത ഇടിവ് സംഭവിച്ചതിന് കൊവിഡ് ആണ് ട്രേഡ് അനലിസ്റ്റുകള്‍ ഒരു കാരണമായി പറഞ്ഞത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരുന്നു പ്രവേശനം. കൂടാതെ ഒരു സാധാരണ തമിഴ് സിനിമാപ്രേമിയെ സംബന്ധിച്ച് കങ്കണ അത്ര പരിചിത മുഖമല്ല എന്നതും കളക്ഷനെ നെഗറ്റീവ് ആയി ബാധിച്ച ഘടകമാണെന്ന് വിലയിരുത്തലുകളുണ്ട്. അതേസമയം നെറ്റ്ഫ്ളിക്സിനു പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തുന്നതോടെ ചിത്രത്തെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു പിന്നാലെയുള്ള നിരവധി ദിവസങ്ങളില്‍ നെറ്റ്ഫ്ളിക്സിന്‍റെ ട്രെന്‍ഡ്‍സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു ചിത്രം. തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ