ബംഗാളില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്‍തെന്ന് വ്യാപക വിമര്‍ശനം; കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു

By Web TeamFirst Published May 4, 2021, 1:22 PM IST
Highlights

തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്

ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. ഇന്നലെ കുറിച്ച ഒരു ട്വീറ്റില്‍ ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു. ഈ ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കങ്കണയ്ക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സ്വപന്‍ദാസ് ഗുപ്‍ത ട്വീറ്റ് ചെയ്‍തിരുന്നു. ബിര്‍ഭം ജില്ലയിലെ നാനൂരില്‍ സ്ഥിതി അപകടകരമാണെന്നും ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യം വച്ച് ഇറങ്ങിയിരിക്കുന്ന അക്രമികളില്‍ നിന്നും രക്ഷതേടി ആയിരത്തിലധികം കുടുംബങ്ങള്‍ വീടുവിട്ട് ഇറങ്ങിയിരിക്കുകയാണെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു. വേണ്ട നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്‍തുകൊണ്ടായിരുന്നു പ്രസ്‍തുത ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ച വരികളാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്.

 

"ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ (മമത ബാനര്‍ജിയെ ഉദ്ദേശിച്ച്). അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ", എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

 

എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചു. പതിനയ്യായിരത്തിലേറെ ട്വീറ്റുകള്‍ എത്തിയതോടെ കങ്കണ റണൗത്ത് എന്ന പേര് ട്വിറ്ററില്‍ ട്രെന്‍ഡിംഗുമായി. വിമര്‍ശനം പെരുകവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ബിജെപി അനുഭാവം പ്രകടിപ്പിക്കുന്ന ബോളിവുഡ് താരങ്ങളില്‍ പ്രധാനിയാണ് കങ്കണ റണൗത്ത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലെ വംശീയവും വിദ്വേഷപരവുമായ ഉള്ളടക്കത്തിന്‍റെ പേരില്‍ കങ്കണ മുന്‍പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

അതേസമയം ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ അഭിപ്രായപ്രകടനവുമായി ഇന്‍സ്റ്റഗ്രാമിലൂടെ കങ്കണ വീണ്ടുമെത്തി. "ബംഗാളില്‍ നിന്നും ഏറെ അസ്വസ്ഥജനകമായ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലിബറലുകള്‍ ഇതേക്കുറിച്ച് നിശബ്ദത പാലിക്കുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കുന്നില്ല. ഇത് ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനയല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. ബംഗാളില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തേണ്ടത്", കങ്കണ അഭിപ്രായപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!