'തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ ഞാനില്ല' ; ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തില്‍ പ്രതികരണവുമായി കങ്കണ

By Web TeamFirst Published Jan 17, 2020, 4:07 PM IST
Highlights

“എനിക്ക് തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...''

മുംബൈ: ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയിൽ സന്ദർശനം നടത്തിയതിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. എന്തൊക്കെ സംഭവിച്ചാലും താന്‍ തുക്ടെ തുക്ടെ സംഘത്തോടൊപ്പം നിൽക്കില്ലെന്ന് കങ്കണ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ പ്രതികരിച്ചത്. 

”ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. എന്താണ് ചെയ്യുന്നതെന്ന് അവൾക്ക് നന്നായി അറിയാം. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ല. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂ”കങ്കണ റണാവത്ത് പറഞ്ഞു.

“എനിക്ക് തുക്ടെ തുക്ടെ ഗാങ്ങിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ല. ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ല”കങ്കണ പ്രതികരിച്ചു.

ദീപികയുടെ ജെഎന്‍യു നിലപാടിന് പിന്നാലെ ഛപാക്ക് ബഹിഷ്കരിച്ചുകൊണ്ട് ട്വിറ്ററില്‍ ക്യാംപയിന്‍ നടത്തിയ സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ നല്ല സിനിമയെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ഒരു സിനിമ ബഹിഷ്കരിക്കുന്നതില്‍ കാര്യമില്ലെന്നും കങ്കണ മറുപടി നല്‍കി. 

ദീപികയുടെ ഛപാക്കിന് നന്ദി അറിയിച്ച് നേരത്തേ കങ്കണ രംഗത്തെത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറഞ്ഞതിനാണ് ദീപികയ്ക്ക് കങ്കണ നന്ദി അറിയിച്ചത്. തന്‍റെ സഹോദരി രംഗോലി ചന്ദേല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയാണ്, അതിനാല്‍ ഛപാക്കിന്‍റെ ട്രെയിലര്‍ വ്യക്തിപരമായാണ് താനെടുത്തതെന്നും കങ്കണ പറഞ്ഞു. ''ആസിഡ് ആക്രമണ നേരിട്ടവരുടെ ജീവിതം സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്ന ദീപിക പദുകോണിനും മേഘ്ന ഗുല്‍സാറിനും ഛപാക്കിലെ മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും കങ്കണ റണാവത്തും കുടുംബവും നന്ദി പറയുന്നു. '' - ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ മെസ്സേജ് ആയി കങ്കണ അറിയിച്ചു. 

click me!