
ദില്ലിയടക്കം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അക്കാര്യത്തില്‍ കേരളം മാതൃകയാണെന്ന് കന്നഡ നടന്‍ ചേതന്‍ കുമാര്‍. കൊവിഡ് ആദ്യതരംഗത്തില്‍ നിന്നും കേരളം പാഠങ്ങള്‍ പഠിക്കുകയായിരുന്നെന്ന് പറയുന്ന ചേതന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്യുന്നു.
'ഓക്സിജന്‍ ക്ഷാമത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. കേരളം ഒരു തിളങ്ങുന്ന ഉദാഹരണവും. 2020ലെ കൊവിഡില്‍ നിന്നുമാണ് കേരളം പഠിച്ചത്. അവര്‍ ഓക്സിജന്‍ പ്ലാന്‍റുകളില്‍ നിക്ഷേപിച്ചു. ഓക്സിജന്‍ സപ്ലൈ 58 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ കര്‍ണ്ണാടകയ്ക്കും തമിഴ്നാടിനും ഗോവയ്ക്കും ഓക്സിജന്‍ നല്‍കുന്നു. കേരള മോഡല്‍ എന്നാല്‍ ഒരു മാതൃകയാണ്. മോദിയല്ലെങ്കില്‍ ആര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യുക", ചേതന്‍ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളൊരുക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാണ്. കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഉപയോഗിക്കേണ്ടി വരുന്നത്. വിതരണ ശേഷം ഓക്‌സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്‌സിജന്‍ കരുതല്‍ ശേഖരമായുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ