'കാന്തന്‍' ബര്‍ലിനില്‍ നടക്കുന്ന ഇന്‍ഡോ ജര്‍മന്‍ ചലച്ചിത്രോത്സവത്തിലേക്ക്

By Web TeamFirst Published Aug 21, 2020, 11:19 PM IST
Highlights

വയനാട് തിരുനെല്ലി കോളനിയിലെ അടിയ വിഭാഗക്കാരുടെ ജീവിതവും അതിജീവനവുമാണ് സിനിമ പറയുന്നത്. 

ഷെരീഫ് ഈസ സംവിധാനം ചെയ്ത 'കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍' എന്ന ചിത്രം ബെര്‍ലിനില്‍ നടക്കുന്ന ഇന്‍ഡോ-ജര്‍മന്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണിത്. 

വയനാട് തിരുനെല്ലി കോളനിയിലെ അടിയ വിഭാഗക്കാരുടെ ജീവിതവും അതിജീവനവുമാണ് സിനിമ പറയുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പന്ത്രണ്ട് വയസ്സുകാരനും അവന്‍റെ മുത്തശ്ശിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. നിറങ്ങളോടുള്ള കാന്തന്‍റെ പ്രണയവും കറുപ്പിനോടുള്ള അവന്‍റെ അപകര്‍ഷതയും തിരിച്ചറിഞ്ഞ്, പ്രകൃതിയോട് ചേര്‍ന്നു ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിക്കൊടുക്കുകയാണ് മുത്തശ്ശി. 

ഇതുവരെ ലിപികളായി എഴുതപ്പെടാത്ത റാവുള ഭാഷയിലാണ് സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. അവിടെ ജീവിയ്ക്കുന്ന മനുഷ്യര്‍ തന്നെയാണ് ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ജോണ്‍ എബ്രഹാം പുരസ്കാരം നേടിയിട്ടുള്ള ചിത്രം കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തിലേക്കും ഐഎഫ്എഫ്കെ കലൈഡോസ്കോപ്പ് വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

click me!