'പരിയേറും പെരുമാള്‍' ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍; റീമേക്ക് റൈറ്റ്സ് വാങ്ങി

By Web TeamFirst Published Oct 29, 2021, 11:26 PM IST
Highlights

മാരി സെല്‍വരാജ് എന്ന സംവിധായകന്‍റെ അരങ്ങേറ്റ ചിത്രം നിര്‍മ്മിച്ചത് നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പാ രഞ്ജിത്ത് ആയിരുന്നു

ജനപ്രീതിക്കൊപ്പം നിരൂപകശ്രദ്ധയും ലഭിച്ച ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ തമിഴ് ചിത്രം പരിയേറും പെരുമാള്‍ (Pariyerum Perumal). മാരി സെല്‍വരാജ് (Mari Selvaraj) എന്ന സംവിധായകന്‍റെ അരങ്ങേറ്റ ചിത്രം നിര്‍മ്മിച്ചത് നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ പാ രഞ്ജിത്ത് ആയിരുന്നു. ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം റീമേക്കിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഹിന്ദിയിലേക്കാണ് ചിത്രം പുനര്‍ നിര്‍മ്മിക്കപ്പെടുക.

സംവിധായകന്‍ കരണ്‍ ജോഹര്‍ (Karan Johar) ആണ് ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. കരണിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുക. എന്നാല്‍ റീമേക്കിന്‍റെ സംവിധായകനും അഭിനേതാക്കളുമൊക്കെ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. 

ബോളിവുഡിലേക്ക് നിര്‍മ്മാതാവിന്‍റെ റോളില്‍ പൃഥ്വിരാജ്? നായകന്‍ അക്ഷയ് കുമാര്‍

തിരുനെല്‍വേലിക്കു സമീപമുള്ള ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങളെക്കുറിച്ച് ഉള്ളില്‍ തൊടും വിധം പറഞ്ഞ ചിത്രമായിരുന്നു പരിയേറും പെരുമാള്‍. കതിര്‍, ആനന്ദി, യോഗി ബാബു, വണ്ണാര്‍പേട്ടൈ തങ്കരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് നാരായണന്‍റേതായിരുന്നു സംഗീതം.

അതേസമയം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ്സും കരണ്‍ ജോഹര്‍ വാങ്ങിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഈ റീമേക്കില്‍ നിര്‍മ്മാണപങ്കാളി ആയിരിക്കും. അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്‍മിയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

click me!