സംവിധാനം രാജ് മെഹ്‍ത

നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ചലച്ചിത്ര നിര്‍മ്മാണത്തിലും വിതരണത്തിലുമൊക്കെ സജീവമാണ് പൃഥ്വിരാജ് സുകുമാരന്‍ (Prithviraj Sukumaran). ജെനൂസ് മുഹമ്മദിന്‍റെ സംവിധാനത്തില്‍ താന്‍ തന്നെ നായകനായ '9' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് (Prithviraj Productions) നിലവില്‍ വന്നത്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ് (Driving Licence), കുരുതി എന്നീ ചിത്രങ്ങളും ഈ ബാനര്‍ നിര്‍മ്മിച്ചു. ജഗ ഗണ മന, കടുവ എന്നിവ വരാനിരിക്കുന്നു. കൂടാതെ മറുഭാഷകളിലെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് ശ്രദ്ധേയമായ ഒരു വാര്‍ത്ത പുറത്തുവരുന്നു. പൃഥ്വിരാജ് നിര്‍മ്മാതാവ് എന്ന നിലയില്‍ ബോളിവുഡ് (Bollywood) അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു എന്നതാണ് അത്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കരണ്‍ ജോഹര്‍ ആണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാതാവ് എന്നായിരുന്നു ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരണിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ്സിനായി സമീപിച്ചപ്പോള്‍ സഹനിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള വിവരം പൃഥ്വിരാജ് അറിയിക്കുകയായിരുന്നെന്നും കരണ്‍ ജോഹറും ഇത് അംഗീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഒറിജിനലില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുക അക്ഷയ് കുമാര്‍ ആണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ആര്‍ടിഒയുടെ റോളില്‍ ഇമ്രാന്‍ ഹാഷ്‍മിയും എത്തും. 'ഗുഡ് ന്യൂസ്' (2019) സംവിധായകനായ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം ഒറിജിനല്‍ അക്ഷയ് കുമാറിനും രാജ് മെഹ്‍തയ്ക്കും വളരെ ഇഷ്‍ടമായെന്നും എന്നാല്‍ ബോളിവുഡ് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ചില തിരുത്തലുകളോടെയാവും ചിത്രത്തിന്‍റെ റീമേക്ക് എത്തുകയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് 50 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയും ആദ്യമായാണ് ഒന്നിക്കുന്നത്.