
ഒരിടവേളയ്ക്ക് ശേഷം തമിഴിൽ ഒരു സൂപ്പർതാര ചിത്രം റിലീസ് ചെയ്യുന്നത് മെയ് 15ന് ആണ്. സൂര്യയുടെ കറുപ്പാണ് ആണ് ചിത്രം. പ്രതിക്ഷിച്ചതിനെക്കാൾ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. മെയ് 14ന് ആയിരുന്നു യഥാർത്ഥത്തിൽ കറുപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ റിലീസ് വൈകി. ഇതിനിടയിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് സംവിധായകൻ ആർജെ ബാലാജി വീഡിയോ ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് ബാലാജിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്‌മണ്യം.
കറുപ്പിൽ താൻ നിക്ഷേപിച്ച തുകയുടെ പകുതി മാത്രമാണ് ലഭിച്ചതെന്നും സിനിമ വിജയിച്ചതിന്റെ ക്രെഡിറ്റ് ബാലാജി ഒറ്റയ്ക്ക് എടുക്കുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു. റിലീസ് വൈകിയതിൽ ഇടപെട്ടത് സൂര്യ മാത്രം ആണെന്നും സുബ്രഹ്മണ്യം വെളിപ്പെടുത്തി. റിലീസ് വൈകുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്കൊപ്പം സംവിധായകനും പ്രശ്നങ്ങളിൽ ഇടപെടണം. എന്നാൽ ബാലാജി കാറിൽ ഇരുന്ന് കരഞ്ഞ് മെഴുകി വീഡിയോ എടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൂര്യ മാത്രമാണ് പ്രശ്നം പരിഹരിക്കാൻ മുന്നിട്ട് നിന്നത്. എന്നിട്ടിപ്പോൾ വിജയത്തിന്റെ ക്രെഡിറ്റ് ബാലാജി അടിച്ചുമാറ്റുകയാണെന്നും സുബ്രഹ്മണ്യം ആരോപിച്ചു.
ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. അനഘ രവി, ഇന്ദ്രൻസ്, തൃഷ, സ്വാസിക തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ചിത്രത്തിൽ ബാലാജിയും പ്രതിനായക വേഷത്തിൽ എത്തിയിരുന്നു. നിലവിൽ തിയറ്റർ റൺ അവസാനിപ്പിച്ച ചിത്രം ഒടിടിയിൽ റിലീസായി കഴിഞ്ഞു. ആമസോണിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ