
തങ്ങളുടെ പുതിയ 2 നിർമ്മാണ സംരംഭങ്ങൾ പ്രഖ്യാപിച്ച് മലയാളത്തിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി. തമിഴിലും മലയാളത്തിലുമായാണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന 2 വ്യത്യസ്ത ചിത്രങ്ങൾ ഒരുങ്ങുന്നത്. തമിഴിൽ ഒരുങ്ങുന്നത് ശരത് കുമാർ നായകനായ ചിത്രമാണെങ്കിൽ മലയാളത്തിൽ ഒരുക്കാൻ പോകുന്നത് പ്രശസ്ത ഛായാഗ്രഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ 12-ാ മത് ചിത്രം ആയാണ് കമൽ പ്രകാശ് രചിച്ച് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഒരുങ്ങുന്നത്.
ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് അനൗൺസ്മെൻ്റ് പോസ്റ്റർ വ്യക്തമാക്കുന്നു. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം ഗോകുൽ ബെനോയ്, എഡിറ്റിംഗ് കലൈ, അഡീഷണൽ തിരക്കഥയും സംഭാഷണവും തമിഴ് പ്രഭ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ദിനേഷ് മനോഹരൻ, ഡിസൈൻസ് യെല്ലോ ടൂത്ത്സ് എന്നിവരാണ് നിർവഹിക്കുന്നത്. പോസ്റ്ററിലെ "യഥാര്‌ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം" എന്ന കുറിപ്പും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവവും ശ്രദ്ധ നേടുന്നുണ്ട്. കലാസംവിധാനം എസ് എസ് മൂർത്തി, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനർജി സെന്തിൽ കുമാർ.
അതേസമയം, കാവ്യ ഫിലിം കമ്പനിയുടെ 14-ാമത് നിർമ്മാണ സംരംഭത്തിന്റെ പൂജാ ചടങ്ങ് ഇന്നലെ രാവിലെ 9 മണിക്ക് കൊച്ചി കടവന്ത്രയിലെ കവലക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു. ഈ ചിത്രം സുജിത് വാസുദേവ് ആണ് ഒരുക്കുന്നത്. ചിത്രത്തിന്റെ താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഇവ കൂടാതെ, നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന, ജോജു ജോർജ് ചിത്രം 'പരിപാടി'യും കാവ്യ ഫിലിം കമ്പനിയാണ് നിർമ്മിക്കുന്നത്. ഇതുൾപ്പെടെ അഞ്ചോളം ചിത്രങ്ങളാണ് കാവ്യ ഫിലിം കമ്പനി ഈ വർഷം തുടക്കമിടുന്നത്. മാളികപ്പുറം, 2018, രേഖാചിത്രം, ആട് 3 തുടങ്ങിയ ഒരുപിടി വമ്പൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച, കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രങ്ങൾ എന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് ഇനി വരുന്ന ഓരോ ചിത്രങ്ങളെയും പ്രേക്ഷകർ കാത്തിരിക്കുന്നത്. ജനപ്രിയ ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള മികച്ച സിനിമകളുടെയും ഭാഗമായാണ് കാവ്യ ഫിലിം കമ്പനി മലയാള സിനിമയുടെ മുൻനിരയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയത്. വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ