
വന്‍ ഭൂരിപക്ഷം നല്‍കി ജനം വോട്ട് ചെയ്തിട്ടും നാല് ദിവസങ്ങള്‍ക്കിപ്പുറവും തങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തങ്ങളുടെ നേതാവിന് ജയ് വിളിച്ചും എതിരാളികളുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയും പലയിടങ്ങളിലും പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും വാര്‍ത്തയാവുന്നുണ്ട്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച് എംഎല്‍എമാരുടെ ഹിതപരിശോധന നടത്താന്‍ എഐസിസി പ്രതിനിധികള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ യുവനടി ഗോപിക രമേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി ശ്രദ്ധ നേടുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളായ കെ സി വേണുഗോപാലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ഗോപികയുടെ സ്റ്റോറി. അതിങ്ങനെ- പ്രിയ കെ സി വേണുഗോപാല്‍, സര്‍, താങ്കള്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഒരു കാര്യമാണ്. ഒരു ചുവട് പിന്നിലേക്ക് വെക്കുക. കൂടുതല്‍ ഓറ പോയിന്‍റ്സ് നേടുക, ഗോപിക രമേശ് കുറിച്ചു. ഒപ്പം വിസ്‍മയം എന്ന ടാഗും ഗോപിക സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വി ഡി സതീശന്‍ പലവട്ടം ഉപയോഗിച്ച വാക്കാണ് അത്. ഒരു വ്യക്തി സാമൂഹികമായി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, കൂള്‍നെസ് എന്നിവയൊക്കെ അര്‍ഥമാക്കുന്ന ജെന്‍ സി പ്രയോഗമാണ് ഓറ പോയിന്‍റ്സ്. വിവിധ സന്ദര്‍ഭങ്ങളില്‍ ഒരാള്‍ എങ്ങനെയാണ് ഇടപെടുന്നത്, കാണപ്പെടുന്നത് എന്നത് ഓറ പോയിന്‍റ്സ് നിര്‍ണയിക്കുന്ന രീതിയും ജെന്‍ സികള്‍ക്കിടയില്‍ ഉണ്ട്.
അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പദവിക്കായി ചരട് വലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെ സി വേണുഗോപാൽ ദില്ലിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. അതേസമയം, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും. അതേസമയം മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി ചർച്ച നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനാണ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ