'പട്ടരുടെ മട്ടണ്‍ കറി'; സിനിമാ പേര് തങ്ങളെ അപമാനിക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ

By Web TeamFirst Published Mar 16, 2021, 1:16 PM IST
Highlights

ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കേരള ബ്രാഹ്മണ സഭയുടെ കത്ത്

റിലീസിനൊരുങ്ങുന്ന മലയാളചിത്രത്തിന്‍റെ പേര് തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ. അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‍ത 'പട്ടരുടെ മട്ടണ്‍ കറി' എന്ന ചിത്രത്തിനെതിരെയാണ് കേരള ബ്രാഹ്മണ സഭ രംഗത്തെത്തിയിരിക്കുന്നത്. പേര് തങ്ങള്‍ക്ക് അപമാനകരമായതിനാല്‍ ചിത്രത്തിന് അനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കുള്ള കേരള ബ്രാഹ്മണ സഭയുടെ കത്ത്

'പട്ടരുടെ മട്ടണ്‍ കറി എന്ന പേരില്‍ ഒരു മലയാള ചിത്രം ഉടന്‍ റിലീസിനൊരുങ്ങുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങളുടെ സമുദായത്തെ നേരിട്ട് അപമാനിക്കുന്ന തരത്തിലുള്ള ഈ ചലച്ചിത്രനാമത്തോട് ഞങ്ങള്‍ക്ക് കടുത്ത എതിരഭിപ്രായമുണ്ട്. 'പട്ടന്മാര്‍' എന്നു വിളിക്കപ്പെടുന്ന ബ്രാഹ്മണസമുദായത്തെ മോശം ഭാഷയില്‍ അപമാനിക്കുന്നത് ലക്ഷ്യമാക്കിയുള്ളതാണ് ഈ പേര്. ബ്രാഹ്മണര്‍ സസ്യഭുക്കുകളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ പട്ടര്‍, മട്ടണ്‍ കറി എന്ന വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിനാല്‍ പ്രസ്തുത ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ഇനി അനുമതി നല്‍കിയിട്ടുള്ളപക്ഷം അത് റദ്ദാക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു', കേരള ബ്രാഹ്മണ സഭ കത്തില്‍ പറയുന്നു.

 

ബ്ലാക്ക് മൂണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ സുഘോഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അദ്ദേഹമാണ്. നര്‍മ്മത്തിനും സൗഹൃദത്തിനും പ്രാധാന്യമുള്ള ചിത്രത്തില്‍ ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്‍മ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രമാണിത്. ഒടിടി റിലീസിനെക്കുറിച്ചും ആലോചിക്കുന്നതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 

click me!