സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികുതി വരുന്നു: എതിർപ്പുമായി ഫിലിം ചേംബർ ഓഫ് കൊമേഴ്സ്

By Web TeamFirst Published Sep 8, 2019, 8:56 AM IST
Highlights

സിനിമ ടിക്കറ്റിനുമേലുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. 

കൊച്ചി: സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ്. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകർക്കുമെന്നും തീരുമാനം ഓണം റിലീസുകൾക്ക് തിരിച്ചടിയാകുമെന്നും കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു.

സിനിമ ടിക്കറ്റിനുമേലുണ്ടായിരുന്ന ജിഎസ്ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്തംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ നിലപാട്.

ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സർക്കാർ ഇത് നിഷേധിച്ചിരുന്നു. ചിറ്റൂരും ചേർത്തലയിലുമുള്ള സർക്കാർ തിയറ്ററുകളിൽ ഇതിനകം നികുതി ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. നൂറ് രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് ശതമാനവും നൂറിന് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി. വിനോദ നികുതി കൂടി ഈടാക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ പത്ത് രൂപയോളം വർദ്ധനയാണുണ്ടാകുക.
 

click me!