നടി ദേവി അജിത്ത് താൻ 27 വർഷമായി പിന്തുടർന്ന ഒരു മോശം ശീലത്തെക്കുറിച്ചും അതിലൂടെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വെളിപ്പെടുത്തുന്നു
ടെലിവിഷനിലൂടെയും പിന്നീട് സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ ആളാണ് ദേവി അജിത്ത്. നന്നേ ചെറുപ്പത്തില്‍ ഏഷ്യാനെറ്റിന്‍റെ ഷോ ആയ പാട്ടുപെട്ടിയിലൂടെ ആയിരുന്നു ദേവി അജിത്തിന്‍റെ തുടക്കം. പിന്നീട് മഴ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ദേവി അജിത്തിന്‍റെ ഭര്‍ത്താവായിരുന്ന അജിത്ത് കുമാര്‍ ആണ് ജയറാം നായകനായ ദി കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു അത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസിന് മുന്‍പേ അജിത്ത് കുമാര്‍ മരണപ്പെട്ടു. ദേവി അജിത്ത് ഇപ്പോഴും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ താന്‍ 27 വര്‍ഷങ്ങള്‍ പിന്തുടര്‍ന്ന മോശം ശീലത്തെക്കുറിച്ചും അവസാനം ഉണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ചും പറയുകയാണ് ദേവി അജിത്ത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് വിവരിക്കുന്നത്.
ദേവി അജിത്ത് പറയുന്നു
ഭര്‍ത്താവിന്‍റെ അപ്രതീക്ഷിത വിയോഗം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചുവെന്നും അവര്‍ പറയുന്നു. 18-ാം വയസില്‍ വിവാഹിതയായ ആളാണ് ദേവി അജിത്ത്. 24-ാം വയസില്‍ ഭര്‍ത്താവ് മരണപ്പെട്ടു. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായ സൈക്യാട്രിക് ചികിത്സയല്ല താന്‍ എടുത്തിരുന്നതെന്നും തെറ്റായ മരുന്നുകളാണ് കഴിച്ചതെന്ന് 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് മനസിലാക്കിയതെന്നും ദേവി അജിത്ത് പറയുന്നു, “അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയില്ല. 2 വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം സീഷര്‍ എന്ന് പറയുന്ന നെര്‍വ് അറ്റാക്ക് വന്നു. അത് ഒരു നെഗറ്റീവ് ഇംപാക്റ്റ് ആയി. അത് പെട്ടെന്ന് സംഭവിക്കുകയായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് വന്നത്. എനിക്ക് എന്തോ ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് ആളുകള്‍ കരുതി. പക്ഷേ ശാരീരികമായി എനിക്ക് ഒരു പ്രശ്നവും ഇല്ല. സീഷര്‍ എന്ന് പറയുന്നത് കുട്ടികള്‍ക്കും വരുന്ന സംഭവമാണ്”, അതിലേക്ക് നയിച്ച ജീവിതശൈലിയെക്കുറിച്ചും ദേവി അജിത്ത് വിശദീകരിക്കുന്നു.
“24 വയസ് മുതല്‍ ഞാന്‍ അറിയാതെ കഴിച്ചുപോയ കുറേ മരുന്നുകള്‍. മെഡിക്കേഷന്‍ പ്രോപ്പര്‍ ആയിരിക്കണം, ഏത് ട്രീറ്റ്മെന്‍റിനും. ഞാന്‍ ശരിയായ ഒരു സൈക്യാട്രിക് ചികിത്സയല്ല എടുത്തിരുന്നത്. 27 വര്‍ഷം തെറ്റായ മരുന്നുകളാണ് ഞാന്‍ കഴിച്ചുകൊണ്ടിരുന്നത്. എന്നെ ചികിത്സിക്കണമെന്നത് ആരും ഗൌരവമായി എടുത്തിരുന്നില്ല. ബഹളവും ഹിസ്റ്റീരിയയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എന്‍റെ കട ഉണ്ടായിരുന്നു, അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തില്ല, സീഷര്‍ അറ്റാക്ക് വന്നതിന് ശേഷം ഞാന്‍ വെല്ലുൂരില്‍ ചികിത്സയ്ക്ക് പോയി. ചുമ്മാ മുട്ടായി കഴിക്കുന്നതുപോലെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നെ ആല്‍ക്കഹോള്‍. എന്‍റെ പ്രധാന പ്രശ്നം അതായിരുന്നു. ഞാന്‍ കഴിച്ചിരുന്ന മരുന്നുകള്‍ ഒരു കിക്ക് ലഭിക്കുന്ന തരത്തിലുള്ളവയായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ കിക്കിന്‍റെ പുറത്ത് മദ്യം കഴിക്കാന്‍ തോന്നുമായിരുന്നു. എന്‍റെ പ്രശ്നം അതായിരുന്നു. സങ്കടവും കരച്ചിലുമൊക്കെ ആയിരുന്നു. പക്ഷേ അതൊന്നും എനിക്ക് ഓര്‍മ്മയില്ല. ഒന്നര മാസത്തെ ചികിത്സയിലാണ് അതൊക്കെ ഞാന്‍ മനസിലാക്കിയെടുത്തത്. കൃത്യമായി ചികിത്സ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ അന്നേ ശരിയാവുമായിരുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ ശരിയായ ചികിത്സ എടുക്കുന്നുണ്ട്. മദ്യം നിര്‍ത്തേണ്ടിവന്നു. സീഷറും മദ്യവും തമ്മില്‍ ചേരില്ല. ഇത്രയേ ഉള്ളൂ ജീവിതമെന്ന് മനസിലായി. രണ്ട് പ്രാവശ്യം ബോധംകെട്ട് വീണപ്പോള്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല തിരിഞ്ഞുനോക്കാന്‍. ആര്‍ക്കും നമ്മളെ ആവശ്യമില്ല. അതാണ് യാഥാര്‍ഥ്യം. ആര്‍ക്കും സമയവുമില്ല നമ്മളെയൊന്നും നോക്കാനൊന്നും. നിങ്ങളുടെ ജീവിതം ജീവിക്കുക എന്നത് അവിടുന്ന് പഠിച്ച ഒരു പാഠമാണ്”, ദേവി അജിത്ത് പറഞ്ഞവസാനിപ്പിക്കുന്നു.



