സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച് സെന്‍സര്‍ ബോര്‍ഡ്; പ്രതിഷേധവുമായി സിനിമാ സംഘടനകള്‍

Published : Nov 08, 2026, 12:03 PM ISTUpdated : Nov 08, 2026, 01:24 PM IST
kerala film chamber supports film producers association in ongoing friction about movie strike

Synopsis

പേരുമാറ്റം അടക്കമുള്ള നിർദേശങ്ങൾ സിനിമാ നിർമ്മാണത്തെ പ്രതിസന്ധിയിലാക്കുമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചേംബർ വ്യക്തമാക്കി.

സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി). റിലീസ് തീയതി കണക്കാക്കി ചിത്രങ്ങളുടെ സെൻസറിംഗ് നടപടികള്‍ വേഗത്തിൽ പൂർത്തിയാക്കില്ലെന്നും സെൻസർ ബോർഡിന്റെ പുതിയ അഡ്വൈസറി ലെറ്ററില്‍ ഉണ്ട്. പുതിയ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളെയും റിലീസിനെത്തന്നെയും സാരമായി ബാധിക്കുന്ന പുതിയ നിർദേശത്തിന് എതിരെ സംസ്ഥാനത്തെ സിനിമാ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്.

ചലച്ചിത്രങ്ങളുടെ ടീസറിലോ പോസ്റ്ററിലോ സെൻസർ അപേക്ഷയിലോ രേഖപ്പെടുത്തുന്ന പേര് അന്തിമമായി കണക്കാക്കാനാകില്ല എന്നാണ് സെന്‍സര്‍ ബോർഡിന്റെ പുതിയ അറിയിപ്പ്. ഇതുപ്രകാരം പുനഃപരിശോധനാ സമിതിക്ക് സിനിമയുടെ പേര് പരിശോധിക്കാനും മാറ്റം നിർദേശിക്കാനും അധികാരം ഉണ്ട്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടും മുമ്പ് പേര് പരസ്യപ്പെടുത്തുകയോ അന്തിമമാക്കുകയോ ചെയ്യേണ്ട. ടീസറിലോ ട്രെയിലറിലോ പ്രഖ്യാപിച്ച റിലീസ് തീയതി സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള കാരണമായി പരിഗണിക്കില്ല. സ്വന്തമായി നിശ്ചയിച്ച റിലീസ് ഷെഡ്യൂളിന്റെ പേരിൽ ബോര്‍ഡില്‍ നിന്നും ഇളവ് പ്രതീക്ഷിക്കരുത്. അപൂർണ്ണമായ സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കരുത്. ഗ്രാഫിക്സും പശ്ചാത്തല സംഗീതവും സൗണ്ട് മിക്സിംഗും അടക്കം പൂർത്തിയായിരിക്കണം. ഒക്ടോബർ 26 നാണ് സെൻസർ ബോർഡ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

നിലവിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്കടക്കം നേരത്തെ പേര് പ്രഖ്യാപിച്ച്, പ്രൊമോഷന്‍ നടത്തുന്നത് പതിവാണ്. റിലീസ് തീയതി നേരത്തെ പ്രഖ്യാപിക്കുകയും തിയറ്റർ ലഭ്യത ഉറപ്പാക്കുകയും ചെയ്യാറുണ്ട് നിര്‍മ്മാതാക്കള്‍. കോടികൾ ചെലവഴിച്ച് പ്രീ റിലീസ് പ്രൊമോഷൻ പൂർത്തിയാക്കിയതിന് ശേഷം പേര് മാറ്റാൻ സെൻസർ ബോർഡ് പറഞ്ഞാൽ അത് സിനിമയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് സിനിമാ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റേണ്ടി വന്നാൽ ഫെസ്റ്റിവൽ സീസൺ ഉൾപ്പെടെ നഷ്ടമാകാം. സിനിമാ വ്യവസായത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന നിർദേശങ്ങളാണ് സെൻസർ ബോർഡിന്റേത് എന്ന് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേമ്പർ ഫിലിം സെന്‍സര്‍ ബോർഡിന് കത്തയച്ചിട്ടുമുണ്ട്.

നേരത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തിയ ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാട് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിഷയത്തില്‍ സെൻസർ ബോർഡിന് മുമ്പിൽ സിനിമാ സംഘനകൾ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു. മുഖ്യ കഥാപാത്രത്തിന്റെ പേര് ജാനകി എന്നത് ജാനകി വി ആക്കിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

3 ദിവസം കൊണ്ട് ആഗോളതലത്തിൽ 415 കോടി നേട്ടവുമായി 'രാമായണ'
‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; താരത്തിൻ്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്