Latest Videos

ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി; നടിയെ ആക്രമിച്ച കേസ് രണ്ടായി പരിഗണിക്കണമെന്ന ഹർജി തള്ളി

By Web TeamFirst Published Mar 9, 2020, 2:35 PM IST
Highlights

കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: ഹൈക്കോടതിയില്‍ നടന്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ  ഭീഷണിപെടുത്തിയെന്ന കേസും  രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം നേരത്തെ നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കുഞ്ചാക്കോ ബോബന്‍റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം എത്താനായില്ല.

ആദ്യഘട്ടത്തിൽ കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. എട്ടാം പ്രതിയായ നടൻ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുൻ മുൻവൈരാഗ്യം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുന്നത്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. കൊച്ചിയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ സാക്ഷിയായ ബാബു എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂ‍ർണമായി തളളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്‍റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ  സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ  സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ  ഇടവേള ബാബു ഇത് തള്ളിപറയുകയായിരുന്നു.

click me!