ഹിറ്റ് ഡയലോഗിനെ കുറിച്ച് മോഹൻലാല്‍.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാല്‍. സിനിമയിലെ സമഗ്ര സംഭാവനയ്‍ക്ക് രാജ്യം ദാദാ സാഹീബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. മോഹൻലാല്‍ സിനിമകളിലെ പല ഡയലോഗുകളും ആരാധകര്‍ക്ക് മനപാഠമാണ്. നീ പോ മോനേ ദിനേശാ എന്ന ഡയലോഗിനെ കുറിച്ച് മോഹൻലാല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാസിരിക്കുകയായിരുന്നു മോഹൻലാല്‍. മോഹൻലാലിന്റെ സിനിമയിലെ ഒരു സംഭാഷണം പുതിയ തലമുറയ്‍ക്ക് പറഞ്ഞുനല്‍കാമോയെന്ന വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് നീ പോ മോനേ ദിനാശാ ഡയലോഗ് മോഹൻലാല്‍ സൂചിപ്പിച്ചത്.

അത്തരത്തില്‍ ഒരു ഡയലോഗ് നീ പോ മോനേ ദിനേശാ ആയിരിക്കുമെന്നും അത് ജീവിതത്തോട് നേരിട്ട് സംസാരിക്കുന്നതു പോലെയാണെന്നും മോഹൻലാല്‍ പറഞ്ഞു. അത് വളരെ കാഷ്വലായിട്ടുള്ള ആറ്റിറ്റ്യൂഡാണ്. എന്തെല്ലാം വന്നാലും ഞാൻ നേരിട്ടുകൊള്ളാം, ഞാൻ അതിന് ഉത്തരവാദിത്തപ്പെട്ടവനാണ് എന്ന ആശയമാണ് ആ ഡയലോഗ് നല്‍കുന്നതെന്നും മോഹൻലാല്‍ പറഞ്ഞു.

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് നീ പോ മോനേ ദിനേശാ. മലയാളത്തിലെ തന്നെ വൻ ഹിറ്റ് ചിത്രമായ നരസിംഹത്തിലെ ഡയലോഗാണ് അത്. രഞ്‍ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് നരസിംഹം സംവിധാനം ചെയ്‍തത്. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

നീ പോ മോനേ ദിനേശാ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞത്

കോഴിക്കോട് ക്ലബില്‍ നിന്നാണ് ആ ഡയലോഗ് കിട്ടുന്നത്. കോഴിക്കോട്ട് ഉള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും രഞ്ജിത്തും കൂടി അവിടെ പോകും. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. അങ്ങനെ പോയപ്പോഴാണ് അവിടെ വച്ചൊരാളെ പരിചയപ്പെടുന്നത്. അയാള്‍ എല്ലാവരേയും ദിനേശാ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ.. അതിങ്ങെട് മോനേ ദിനേശാ.. പുള്ളിക്കെല്ലാവരും ദിനേശന്‍മാരാണ്. കേട്ടപ്പോള്‍ അതൊന്നു പരിഷ്‍കരിച്ച് സിനിമയില്‍ ഉപയോഗിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തിലെ ഇന്ദുചൂഡന്റെ ട്രേഡ് മാര്‍ക്കാവുന്നത്- ഷാജി കൈലാസ് പറയുന്നു.

ചിത്രത്തില്‍ ഒരിക്കല്‍ മാത്രം പറയുന്ന, എന്നാല്‍ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗ് ആണ് വാകസ്‍തേ. ഈ ഡയലോഗ് വന്നത് എങ്ങനെയാണെന്നും ഷാജി കൈലാസ് പറയുന്നു. - നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്ത് മലപ്പുറത്തുനിന്ന് മോഹന്‍ലാലിന്റെ കടുത്ത ആരാധകരായ കുറച്ച് പയ്യന്‍മാര്‍ വന്നു. ഞാന്‍ സീനിന്റെ ഇടയ്‍ക്ക് പുറത്തേയ്‍ക്ക് ഇറങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു, അവര്‍ക്ക് ഒരാഗ്രഹമുണ്ടെന്ന്, സാധാരണ മോഹന്‍ലാലിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ് ഇങ്ങനെ വരുന്നവരുടെ ആഗ്രഹം. എന്നാല്‍ അവരുടെ ആഗ്രഹം രസകരമായിരുന്നു. ലാലേട്ടനെ കൊണ്ട് വാകസ്‍തേ എന്ന് സിനിമയില്‍ എവിടെയെങ്കിലും പറയിപ്പിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. എന്താണ് സംഗതിയെന്ന് ചോദിച്ചപ്പോള്‍ ഇത് ഞങ്ങളുടെ ഒരാഗ്രഹമാണ്, ചെയ്യിക്കണമെന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. സംഗതി കേട്ടപ്പോള്‍ വലിയ കുഴപ്പമില്ല എന്നു എനിക്കും തോന്നി. രസമൊക്കെയുണ്ട്. ഞാന്‍ മോഹന്‍‌ലാലിനോട് സംഭവം പറഞ്ഞു. ഇങ്ങനെയൊരു ഡയലോഗ് എവിടെയെങ്കിലും ഉപയോഗിക്കണമെന്ന്. കേട്ടപ്പോള്‍ മോഹന്‍ലാലിനും കൗതുകമായി. സ്‍ഫടികം ജോര്‍ജ്ജിനെ നോക്കി വിരല്‍ ചൂണ്ടി മോഹന്‍ലാല്‍ വാകസ്‍തേ എന്നു വളരെ പതിയെ എന്നാല്‍ പവ്വര്‍ ഫുള്ളായി പറഞ്ഞു. അതാണ് മോഹന്‍ലാല്‍. നമ്മള്‍ പ്രതീക്ഷിക്കാത്ത ഇംപാക്ട് ആയിരിക്കും ഇത്തരം സിറ്റുവേഷനുകളില്‍ തരിക. ഇതാണ് മോഹന്‍ലാല്‍ എന്ന നടന്റെ മികവും. എന്തായാലും തിയേറ്ററുകളില്‍ കിട്ടിയ അത്ര വലുതായിരുന്നു. ഇന്നും നരസിംഹത്തില് ആ സീന്‍ കാണുമ്പോള്‍ ഞാനാ ദിവസം ഓര്‍ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക