
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ നൽകിയ പരാതി പരിശോധനയ്ക്കായി സാംസ്കാരിക വകുപ്പിന് കൈമാറി. മുഖ്യമന്ത്രിക്കാണ് വിനയൻ ഓഡിയോ റെക്കോഡ് അടക്കം ചേര്‍ത്ത് പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ അന്വേഷണം വേണമെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
ചലച്ചിത്ര അവാർഡ് നിർണ്ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് പുതിയ തെളിവുകളുമായി വിനയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ജൂറി അംഗമായിരുന്ന ജെന്‍സി ഗ്രിഗറിയുടെ ശബ്ദരേഖയാണ് വിനയന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഗീതവിഭാഗത്തിലെ അവാര്‍ഡ് നിര്‍ണയത്തിലും സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നാണ് ജൂറി അംഗമായിരുന്ന ജെന്‍സി ഗ്രിഗറി പറയുന്നത്. നേരത്തെ ജൂറി അംഗമായ നേമം പുഷ്പരാജിന്‍റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. അതേസമയം, വിനയന്‍റെ അരോപണങ്ങളെ തള്ളുകയാണ് സാംസ്കാരിക വകുപ്പ് മന്ത്രി. ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടിട്ടില്ലെന്നും അവാർഡിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സജി ചെറിയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...