സംസ്ഥാനത്ത് തിയേറ്ററുകൾ മറ്റന്നാൾ തുറക്കും; ആദ്യ ചിത്രം 'മാസ്റ്റർ' തന്നെ

By Web TeamFirst Published Jan 11, 2021, 8:10 PM IST
Highlights

മറ്റ് മലയാള സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ മുതൽമുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയറ്ററുകളുടെ എണ്ണം തീരുമാനിക്കു൦.

ത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂലനിലപാട് എടുത്തതോടെയാണ് തീരുമാനം.

പാതി സീറ്റിൽ മാത്രം ആളെ ഇരുത്തി,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ബുധനാഴ്ച മുതൽ തിയേറ്ററുകളിൽ പ്രദർശനം. മാർച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസിൽ 50 ശതമാനം ഇളവ്, ലൈസൻസ് പുതുക്കേണ്ട കാലാവധിയും മാർച്ച് വരെ നീട്ടി. സിനിമ സംഘടനകൾ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി സമ്മതം പറഞ്ഞതോടെ തിയേറ്ററുകൾ തുറക്കാൻ വഴിയൊരുങ്ങുകയായിരുന്നു. മാസ്റ്ററിന് ശേഷം മലയാള സിനിമകൾ മുൻഗണന ക്രമത്തിൽ റിലീസ് ചെയ്യും. ഫിയോക്ക് ചെയർമാൻ ദിലീപ് ഉൾപ്പടെ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

തിയേറ്റർ ഉടമകൾ നിർമ്മാതാക്കൾക്ക് നൽകേണ്ട കുടിശ്ശിക കൊടുത്ത് തീർക്കാനും ഫിലിം ചേമ്പർ യോഗത്തിൽ സമയപരിധി നിശ്ചയിച്ചു. സിനിമ മേഖലയെ പിന്തുണച്ച സർക്കാർ നിലപാടിൽ നടന്മാരായ മോഹൻലാൽ,പൃഥിരാജ് ഉൾപ്പടെയുള്ളവർ സമൂഹ്യമാധ്യമങ്ങളിലൂടെയും നന്ദി അറിയിച്ചു. ജനുവരി 5ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിയറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടിൽ സിനിമ സംഘടനകൾ ഉറച്ച് നിന്നതോടെയാണ് തീരുമാനം വൈകിയത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്‍തിരുന്നു ഫിലിം ചേമ്പര്‍.

click me!