
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല.
ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരേ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
Read also: ഈ 'പ്രതിഭ' മതിയാകുമോ എന്തോ ? അലൻസിയറെയും ഭീമൻ രഘുവിനെയും ട്രോളി രചന
നടൻ അലൻസിയറിൻ്റെ പെൺപ്രതിമ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മനസ്സിൽ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നൽകുന്നത്. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ